കേരളത്തിലെ മുഴുവൻ മത്സ്യ തൊഴിലാളികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വിവിധ മത്സ്യ തൊഴിലാളി ട്രെയ്ഡ് യൂണിയനുകളുടെ ഏകോപന സമിതിയായ കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന മത്സ്യതൊഴിലാളികളുടെ തുറമുടക്കി പ്രതിക്ഷേധം വിജയകരമായി. ഇന്ധന വിലവർദ്ധന മൂലം പ്രതിസന്ധിയിലായ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് 25 രൂപ നിരക്കിൽ മണ്ണെണ ലഭ്യമാക്കാൻ വേണ്ട പദ്ധതികൾ കേന്ദ്ര സർക്കാരുമായി ആലോചിച്ച് നടപ്പിലാക്കുക, തീരശോഷണം മൂലം അതീവ ഗുരുതരമായി തീരം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന പൊഴിയൂർ, കൊച്ചു തോപ്പ് മുതൽ വേളി വരെയുള്ള പ്രദേശവും, അഞ്ചുതെങ്ങ് മേഖല എന്നിവയെ സംരക്ഷിക്കാൻ വേണ്ട പദ്ധതികൾ അടിയന്തരമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു അതിരൂപതയിലെ മത്സ്യതൊഴിലാളികളും സമര പരിപാടിയിൽ തുറമുടക്കി പ്രതിക്ഷേധിച്ചത്.
തീരദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഔട്ട്‌ബോർഡ് എഞ്ചിൻ ഉപയോഗിച്ചു കൊണ്ട് യാനങ്ങൾ കടലിലേക്കിറക്കി പണിയെടുക്കുന്നവരാണ്. ഇന്ധന വിലവർധന അവരുടെ ജീവിതത്തെ താറുമാറാക്കിയിട്ട് മാസങ്ങളായി. ഈ കാലയളവിനിടയിൽ പല ട്രെയിഡ് യൂണിയനുകളുടെയും മത്സ്യത്തൊഴിലാളി ഫോറങ്ങളുടെയും നേതൃത്വത്തിലും വ്യക്തിഗതമായും നിവേദനങ്ങൾ അധികാരികളുടെ മുന്നിലെത്തിച്ചിട്ടും യാതൊരുവിധ പരിഗണനയും സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ തുറമുടക്കി പ്രതിഷേധിച്ചതെന്ന് അതിരൂപത മത്സ്യത്തൊഴിലാളി ശുശ്രൂഷ സമിതി ഡയറക്ടർ റവ. ഫാ. ഷാജിൻ ജോസ് അഭിപ്രായപ്പെട്ടു.