ഇഹലോകവാസം വെടിഞ്ഞതിന്റെ 14-ാം വർഷം കാർലോ അക്യൂട്ടീസ് അൾത്താര വണക്കത്തിന് അർഹമായ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നു. ആധുനിക സഭയുടെ ചരിത്രത്തിൽ, കാർലോയേക്കാൾ വേഗത്തിൽ വാഴ്ത്തപ്പെട്ട ഗണത്തിൽ ഉൾപ്പെട്ടത് കൊൽക്കത്തയിലെ വിശുദ്ധ തെരേസയും വിശുദ്ധ ജോൺപോൾ രണ്ടാമനുംമാത്രം. എന്നാൽ കാർലോയുടെ കാര്യത്തിലെ അത്ഭുതമെന്നത്, വെറും 15 വയസ്സ് വരെ മാത്രം ഭൂമിയിൽ ജീവിച്ച് വിശുദ്ധിയുടെ പടവുകൾ കയറിയെന്നതാണ്.
വീഡിയോ ഗെയിമിൽ സമയം ചെലവിട്ടവൻ, കളിക്കളത്തിൽ ഫുട്‌ബോളിന് പിന്നാലെ ഓടിയവൻ, കംപ്യൂട്ടർ പ്രോഗാമിംങും വെബ് സൈറ്റ് ഡിസൈനിംങും ഹോബിയാക്കിയവൻ, യാത്രകൾ ഏറെ ഇഷ്ടപ്പെട്ടവൻ… എന്നിട്ടുമെങ്ങനെ വിശുദ്ധിയുടെ ആരമത്തിനടുത്തെത്തി? ഇതിനുള്ള ഉത്തരം ഒന്നുമാത്രം ദിവ്യകാരുണ്യ നാഥനെ തന്റെ ജീവനെക്കാൾ സ്നേഹിച്ചവൻ. സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ വെബ് സൈറ്റ് അതിന് തെളിവാണ്. ആധുനിക വിവര സാങ്കേതിക വിദ്യകളെ ദൈവത്തിന്റെ മഹത്വത്തിനായി വിനിയോഗിച്ച ബാലൻ, ലുക്കീമിയ രോഗത്തിന്റെ സഹനങ്ങളെ സഭയ്ക്കും പാപ്പയ്ക്കുംവേണ്ടി സന്തോഷത്തോടെ സ്വീകരിച്ചവൻ. പരിശുദ്ധ കുർബാനയോടുള്ള അതിരറ്റ ആരാധനയും ദൈവമാതാവിനോടുള്ള വണക്കവുമായിരുന്നു കാർലോയുടെ ജീവിതത്തിന്റെ നെടുംതൂണുകൾ.
അൻഡ്രേയ അക്യുറ്റിസ്- അന്റോണിയാ സൽസാനോ ദമ്പതികളുടെ മകനായി 1991 മേയ് മൂന്നിന് ലണ്ടനിലാണ് കാർലോ അക്യുറ്റിസ് ജനിച്ചത്. വിശ്വാസജീവിതത്തിന് വലിയ പ്രാധാന്യമൊന്നും കൽപ്പിക്കാത്തവരായിരുന്നു മാതാപിതാക്കൾ. തങ്ങളെ വിശ്വാസ ജീവിതത്തിൽ ആഴപ്പെടുത്തിയത് കാർലോ അക്യൂട്ടിസാണെന്നകാര്യം അമ്മ സൽസാന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുട്ടിക്കാലം മുതൽ പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടിപ്പിച്ചിരുന്ന കാർലോ ആറാമത്തെ വയസിലാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്. അതിനുള്ള പ്രത്യേക അനുമതി രൂപതയിൽ നിന്നും ലഭിച്ചിരുന്നു. പരിശുദ്ധ കുർബാനയെ ‘സ്വർഗത്തിലേക്കുള്ള എന്റെ ഹൈവേ’ എന്നാണ് കാർലോ വിശേഷിപ്പിച്ചത്.
പതിനൊന്നാം വയസ്സ് മുതൽ ദിവ്യാകാരുണ്യ അത്ഭുതങ്ങൾക്ക് പിന്നാലെ പോയ കാർലോ രണ്ടര വർഷത്തെ പ്രയത്നത്തിനുശേഷം വിവിധ രാജ്യങ്ങളിലെ 142 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ഒരു വൈബ്സൈറ്റ് തയ്യാറാക്കി. അഞ്ച് ഭൂഖണ്ഡങ്ങളിൽ വെർച്വൽ ലൈബ്രറിയുടെ പ്രദർശനവും നടത്തി. ഇതിനിടെ ലുക്കീമിയ സ്ഥിരീകരിച്ചപ്പോഴും യാതൊരു ദു:ഖവും പ്രകടിപ്പിക്കാതെ ദിവ്യകാരുണ്യാത്ഭുതങ്ങൾക്ക് പിന്നിൽ തന്നെയായിരുന്നു. തന്റെ സഹനങ്ങൾ ക്രിസ്തുവിനെപ്രതി സഭയ്ക്കും പാപ്പയ്ക്കും വേണ്ടി സമർപ്പിച്ചു. 2006 ഒക്ടോബർ 12 ന് ഈ ലോകത്തിൽ നിന്ന് ദൈവസ്സനിധിയിൽ യാത്രയായ കാർലോയെ 2018-ൽ ഫ്രാൻസിസ് പാപ്പ ധന്യരുടെ നിരയിൽ ഉയർത്തി. ബ്രസിലീലെ മാത്യൂസ് വിയന്ന എന്ന രണ്ടു വയസുകാരന് കാർലോയുടെ മാധ്യസ്ഥത്താൽ ലഭിച്ച അത്ഭുത സൗഖ്യമാണ് വാഴ്ത്തപ്പെട്ട പദവിക്ക് വഴിയൊരുക്കിയത്.