വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖത്തിന്‍റെ പരിസ്ഥിതി, ഉപജീവന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന് ജനകീയ പഠന സമിതി (ജെ.പി.എസ്) രൂപീകരിച്ച് സമരസമിതി. ഇന്ന് ചേർന്ന പത്രസമ്മേളനത്തിലാണ് സമരസമിതിയുടെ നേതൃത്വത്തിൽ ജനകീയ പഠനസമിതി രൂപീകരിച്ചതായി സമരസമിതി ജനറൽ കൺവീനർ മോൺ യൂജിൻ എച്ച് പെരേര പ്രഖ്യാപിച്ചത്. സമര സമിതിയുടെ ആവശ്യങ്ങളില്‍ സുപ്രധാനമായ ഒന്ന് വാണിജ്യ തുറമുഖത്തിന്‍റെ നിര്‍മ്മാണം സൃഷ്ടിക്കുന്ന പാരിസ്ഥിതികവും ഉപജീവനപരവുമായ പ്രത്യാഘാതങ്ങള്‍ പഠിക്കുന്നതിന് ഗവണ്മെന്‍റ് ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കുകയും അതുവരെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യണമെന്നാണ്. ഈ സമ്മര്‍ദ്ദത്തിന് വഴങ്ങി, കേരള സര്‍ക്കാര്‍, ഒരു വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഈ വിദഗ്ദ്ധ സമിതിയുടെ ഇടപെടല്‍, വിഴിഞ്ഞം പോര്‍ട്ടിന്‍റെ നിര്‍മ്മാണ പ്രവൃത്തിയുടെ ഫലമായി എന്തെങ്കിലും തരത്തിലുള്ള തീരശോഷണം ഉണ്ടായിട്ടുണ്ടോ, കൂടാതെ നിര്‍മ്മാണത്തിന്‍റെ സ്വാധീന മേഖലയില്‍ എന്തെങ്കിലും തീരശോഷണം നിരീക്ഷിക്കപ്പെട്ടെങ്കില്‍ അത് നേരിടാനുള്ള നിര്‍ദ്ദിഷ്ട നടപടികള്‍ നിര്‍ദ്ദേശിക്കുക എന്ന വിധത്തില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് സമര സമിതി ഒരു ജനകീയ പഠന സമിതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് പേരെയാണ് ജനകീയ പഠന സമിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനായി സമരസമിതി നിയോഗിച്ചിരിക്കുന്നത്. അവര്‍ക്ക് മറ്റ് വിദഗ്ദ്ധരുമായും തീരദേശ സമൂഹവുമായും കൂടിയാലോചനകള്‍ നടത്താം. ഈ ജനകീയ പഠന സമിതി 3 മാസം കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര സമിതിക്ക് സമര്‍പ്പിക്കും.
ഈ സമിതി പ്രശ്നത്തെ കൂടുതല്‍ സമഗ്രമായ വിധത്തില്‍ സമീപിക്കുന്നതും 2015 മുതല്‍ ഇന്നുവരെ അദാനി പോര്‍ട്സ് ലിമിറ്റഡ് വിഴിഞ്ഞത്ത് നടത്തിവരുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ ആകമാനമായ പരിസ്ഥിതിപരവും, ഉപജീവനപരവും, കടലോരഭൂശാസ്ത്രപരവുമായ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുന്നതും പഠനത്തിന്‍റെ കണ്ടെത്തലുകള്‍ പൊതുജനങ്ങളുടെയും സര്‍ക്കാരിന്‍റെയും മുമ്പില്‍ സമര്‍പ്പിക്കുന്നതുമാണ്.
തീരശോഷണത്തിന്‍റെ ഫലമായി തീരദേശ സമൂഹത്തിനുണ്ടായ തൊഴിലുകളിലെ തകര്‍ച്ചകളും സാമ്പത്തിക നഷ്ടവും കണക്കാക്കുന്നതിനൊപ്പം തുറമുഖ നിര്‍മ്മാണവും തീരദേശവാസികളുടെ വീടുകളും ഭൂസ്വത്തുക്കളും ഉപജീവനങ്ങളും നഷ്ടമായതും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിന് ഉതകുന്ന ഡാറ്റ(കണക്കുകള്‍) വെളിച്ചത്തുകൊണ്ടുവരാനും ശ്രമിക്കും.
പഠന സമിതി അവശേഷിക്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ സാധ്യതയുള്ള പ്രത്യാഘാതങ്ങളും അതു പോലെ തുറമുഖം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ തീരദേശ സമൂഹത്തിന് ഉണ്ടായേക്കാവുന്ന സാമ്പത്തിക സാമൂഹ്യ നഷ്ടങ്ങളും കണക്കാക്കും. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ഒപ്പം കടലോര നിര്‍മ്മിതികളുടെയും പ്രത്യാഘാതങ്ങളില്‍ നിന്നും കടല്‍ത്തീര ഇടങ്ങളെയും കടലോര സമുദായങ്ങളെയും സംരക്ഷിക്കുന്നതിന് ഉടനടി ചെയ്യേണ്ട പരിഹാര നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതായ കാര്യങ്ങളും സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ജനകീയ പഠന സമിതി നല്‍കും.
ജനകീയ പഠന സമിതിയുടെ പഠന പ്രവര്‍ത്തനങ്ങളുടെ ചെലവിന് കടലോര നിവാസികളുടെയും, പ്രാദേശിക സംഘടനകളുടെയും, പൊതു ജനങ്ങളുടെയും സംഭാവനകള്‍ സുതാര്യതയോടെ സമാഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിഴിഞ്ഞത്ത് അദാനി തുറമുഖ കമ്പനി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ തുറമുഖത്തിന്‍റെ പാരിസ്ഥിതികവും ഉപജീവനവുമായ പ്രതികൂല പ്രത്യാഘാതങ്ങള്‍ക്കെതിരെ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി മത്സ്യതൊഴിലാളികൾ സമരമുഖത്താണ്.
പ്രതിഷേധങ്ങളിലൂടെ തീരദേശ ജനത ഗവണ്മെന്‍റിന്‍റെയും സമൂഹത്തിന്‍റെയും മുന്നില്‍ കടല്‍ത്തീരങ്ങളെ ചരിത്രപരമായും, തൊഴില്‍പരമായും, സാംസ്കാരികമായും മീന്‍ പിടുത്ത സമുദായങ്ങളുടെ ഇടമായി ഉയര്‍ത്തിക്കാണിക്കുകയാണ്. അവരുടെ ജീവനും ഉപജീവന മാർഗവും കടലിനെയും കടല്‍ത്തീരത്തെയും ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കടലിന്‍റെയും കരയുടെയും ഇടയ്ക്കുള്ള വെറുമൊരു മണല്‍മേഖല എന്ന നിലയില്‍ കടല്‍ത്തീരം റീയല്‍ എസ്റ്റേറ്റ് പോലെ വാങ്ങാനും വിറ്റഴിക്കാനുമുള്ളതല്ലയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സമരസമിതി നിയോഗിച്ച ജനകീയ പഠനസമിതിയിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1- ഡോ. കെ.വി. തോമസ്
(ജനകീയ പഠന
സമിതിയുടെ അദ്ധ്യക്ഷന്‍)
മുന്‍ ഡീന്‍, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കൊച്ചി; മുന്‍ ശാസ്ത്രജ്ഞനും ഗ്രൂപ്പ് ഹെഡും, കേന്ദ്ര ഭൌമ ശാസ്ത്ര പഠന കേന്ദ്രം, തിരുവനന്തപുരം
2- ഡോ. ജോണ്‍ കുര്യന്‍
റിട്ട. പ്രൊഫസര്‍, സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസ്, തിരുവനന്തപുരം; വിസിറ്റിംഗ് പ്രൊഫസര്‍, അസീം പ്രേജി യൂണിവേഴ്സിറ്റി, ബാംഗളൂര്‍
3- ഡോ. ടെറി മച്ചാഡോ
മുന്‍ ശാസ്ത്രജ്ഞന്‍, കേന്ദ്ര ഭൌമ ശാസ്ത്ര പഠന കേന്ദ്രം, തിരുവനന്തപുരം
4- ഡോ. കെ.ജി. താര
മുന്‍ മെമ്പര്‍, ദുരന്ത നിവാരണ അതോറിട്ടി, കേരള സര്‍ക്കാര്‍; മുന്‍ മേധാവി, ദുരന്ത നിവാരണ കേന്ദ്രം, റവന്യൂ വകുപ്പ്, കേരള സര്‍ക്കാര്‍
5- ബഹു. ജഡ്ജ് ഡി. പാപ്പച്ചന്‍ (റിട്ടയേര്‍ഡ്)
മുന്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ്, എറണാകുളം
6- ശ്രീ. പ്രോബിര്‍ ബാനര്‍ജി
പ്രസിഡന്‍റ്, പോണ്ടികാന്‍, പോണ്ടിച്ചേരി (തീരവും തീര തണ്ണീര്‍ത്തടങ്ങളും വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു)
7- ശ്രീമതി. സരിത ഫര്‍ണാണ്ടസ്
സ്വതന്ത്ര നയരൂപീകരണ ഗവേഷക, തീരപരിപാലനവും യു.എന്‍. കടല്‍ നിയമങ്ങളും, ഗോവ