അതിജീവന സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി സമരത്തെ നർവീര്യമാക്കാൻ നിഗൂഢനീക്കം നടക്കുന്നതായി സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച് പെരേര. ഇന്ന് ചേർന്ന പത്രസമ്മേളനത്തിലാണ് മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ 100 ദിവസമായി നടത്തിവരുന്ന അതിജീവന സമരത്തെ നർവീര്യമാക്കാൻ ചില തൽപരകക്ഷികൾ നിഗൂഢ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞത്. വിദേശ ശക്തികളുടെ പ്രേരണയോടും സാമ്പത്തിക സഹായത്തോടും കൂടിയാണ് സമരം നടത്തുന്നതെന്ന ചില മാധ്യമങ്ങളുടെ പ്രചരണം അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണ്. വിദേശത്തുനിന്നും സംഭാവനകൾ സ്വീകരിക്കാൻ കർശനമായ നിബന്ധനകളാണ് ഇന്ത്യയിലുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകുന്ന അനുമതി അനിവാര്യവുമാണ്. ഡൽഹിയിൽ എസ് ബി ഐ ശാഖയിൽ ഇതിനായി അക്കൗണ്ട് പ്രവർത്തിപ്പിക്കണം. ഓരോ വർഷത്തിലും കണക്കുകൾ ഓഡിറ്റ് ചെയ്ത് സമർപ്പിക്കണം. ഒരു സംഘടനയ്ക്ക് ലഭിക്കുന്ന തുക മറ്റൊരു സംഘടനയ്ക്ക് കൈമാറാൻ പാടില്ല തുടങ്ങി കർശന നിയന്ത്രണങ്ങൾ ഉള്ള രാജ്യത്താണ് നിരുത്തരവാദിത്വപരമായ ആരോപണങ്ങൾ ഉയർത്തുന്നത്. അങ്ങനെ സമരത്തിനായി ഏതെങ്കിലും സംഘടനകൾ തുക പറ്റിയിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബർ 27ാം തീയതി മത്സ്യത്തൊഴിലാളി സമരത്തിന്റെ നൂറാം ദിനത്തിൽ ഐഡന്റിറ്റി കാർഡ് പോലും ധരിക്കാത്ത അദാനിയുടെ തന്നെ ഏജന്റ്മാർ സ്ത്രീകൾ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളുടെ ദൃശ്യങ്ങൾ ക്യാമറകളിൽ പകർത്താൻ നടത്തിയ ശ്രമങ്ങളാണ് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ട 7 കാര്യങ്ങളിൽ ആറെണ്ണം അംഗീകരിച്ച പ്രസ്താവന പൊതുജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനും സമരത്തിന്റെ വീര്യം തകർക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഏഴ് ആവശ്യങ്ങളിൽ ഒന്നു പോലും ന്യായമായി പരിഹരിച്ചിട്ടില്ല എന്നതാണ് വാസ്തവം. തമിഴ്നാട്ടിൽ നൽകുന്നത് പോലെ മണ്ണെണ്ണ സബ്സിഡി നൽകണമെന്ന് ആവശ്യത്തിൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിയുകയാണ്. കാലാവസ്ഥ മുന്നറിയിപ്പ് കാരണം കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ മിനിമം വേദനം നൽകുന്ന കാര്യത്തിൽ ചർച്ചകൾ വഴിമുട്ടി നിൽക്കുന്നു. കടലിൽ നിർമ്മിക്കുന്ന പുലിമുട്ട് കാരണം സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ തത്തുല്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണമെന്ന ആവശ്യത്തിലും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റുകളിൽ പാർപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം പട്ടണത്തിലുള്ള കടലെടുത്ത വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപ്പറപ്പിക്കാൻ 5500 രൂപ നൽകുമെന്നാണ് പറയുന്നത്. കൂടാതെ മുതലപ്പൊഴിയിൽ നിർമ്മിച്ചതും വിഴിഞ്ഞത്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്നതുമായ ഹാർബറുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങൾ പഠിക്കുന്നതിന് കടലിലറിയും നാട്ടറിവുമുള്ള മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തുമെന്ന് മന്ത്രിമാരുമായുള്ള യോഗങ്ങളിൽ സമ്മതിച്ചിരുന്നെങ്കിൽ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇതുവരെയും കൈക്കൊണ്ടിട്ടുള്ളത്.
ഭരണഘടന ഉറപ്പുതരുന്ന മൗലിക അവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ള സമാധാനപരമായ സമരമാണ് കഴിഞ്ഞ 100 ദിവസവും പൊതുസമൂഹം കണ്ടത്. സമരത്തിന് എത്തുന്ന വാഹനങ്ങൾ തടഞ്ഞും പുരോഹിതർക്കും സ്ത്രീകൾക്കും നേരെ കയ്യേറ്റം നടത്തിയും കള്ളക്കേസുകൾ എടുത്തു പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചത് പോലീസും സർക്കാരുമാണ്. തദ്ദേശീയ ജനസമൂഹമായ മത്സ്യത്തൊഴിലാളികളുടെ സമരത്തെ പരാജയപ്പെടുത്താൻ പരസ്യമായി ജാതി-മത-വർഗീയ-രാഷ്ട്രീയ സംഘടനകളെ ഇളക്കിവിട്ട് എതിർ സമരം നടത്താൻ പ്രോത്സാഹനം നൽകിയത് സർക്കാരും ചില സ്ഥാപിത താല്പര്യക്കാരുമാണെന്നും ഈ സമരങ്ങളിൽ ഒരു മത്സ്യത്തൊഴിലാളിയുടെ പോലും സാന്നിധ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.