കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ തീരദേശവാസികളുടെയും മൂലമ്പിള്ളി ജനതയുടെയും ജീവല്‍പ്രശ്‌നം
എന്ന നിലയിലാണ് ഈ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് പൊതുനിരത്തിലിറങ്ങാന്‍ നാം തയ്യാറായിട്ടുള്ളതെന്ന് ജനബോധനയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പാവപ്പെട്ടവരുടെ നീതിക്കു വേണ്ടിയുള്ളതാണ് ഈ യാത്ര. മൂലമ്പിള്ളിയില്‍ നിന്നു കുടിയിറക്കപ്പെട്ടവര്‍ക്കും വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും നീതി ലഭിക്കണം എന്ന ദൃഢനിശ്ചയത്തോടെ നടത്തുന്ന യാത്രയാണിത്. ഇതില്‍ രാഷ്ട്രീയമില്ല. മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങളുയര്‍ത്തി സമരം ചെയ്യുമ്പോള്‍ അതിനോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന അധികാരികളോട് തീരദേശവാസികള്‍ ഒറ്റയ്ക്കല്ല എന്നോര്‍മ്മപ്പെടുത്താനാണ് ഈ സമരം കൊണ്ട് കേരളസമൂഹം ആഗ്രഹിക്കുന്നത്. നീതി നല്‍കാന്‍ തീരുമാനമെടുക്കുന്ന ഇടങ്ങളില്‍ തീരജനതയ്ക്ക് വേണ്ടിയും കുടിയൊഴിപ്പിക്കപ്പെടുവര്‍ക്ക് വേണ്ടിയും വാദിക്കാന്‍ ആളുകളുടെ എണ്ണം കുറഞ്ഞു എന്നതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കുന്നത് ദുഃഖകരമാണ്. പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്നാണ് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത് എന്നതു മറക്കരുത്.
വികസന പദ്ധതികള്‍ക്ക് നാം എതിരല്ല. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനു വേണ്ടിയും തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനു വേണ്ടിയും പള്ളിയും സിമിത്തേരിയും വിട്ടുകൊടുത്തവരാണ് നമ്മുടെ പൂര്‍വികര്‍. ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പൊതു നന്മയ്ക്കും വേണ്ടി നിലകൊണ്ടവരാണ് നമ്മള്‍. എന്നാല്‍ പൊതുനന്മ ലക്ഷ്യമാക്കാതെ സാമ്പത്തികശക്തികേന്ദ്രങ്ങള്‍ക്കും അവരുടെ താല്പര്യങ്ങള്‍ക്കും വേണ്ടി മാത്രമായി സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും മാറുന്നത് അംഗീകരിക്കാനാവില്ല.
വികസനപദ്ധതികളോടൊപ്പം വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരും പരിഗണിക്കപ്പെടണം.
കടലിന്റെ ഏതെങ്കിലും ഒരു മേഖലയില്‍ ആഘാതം ഏല്‍പ്പിക്കുമ്പോള്‍ അതിനെതിരായി ശക്തിയായ പ്രത്യാഘാതം കടലിന്റെ മറുവശത്തുണ്ടാകുമെന്നുള്ള കാര്യം ശാസ്ത്രീയമായി അംഗീകരിക്കേണ്ടതാണ്. ഈ പ്രതിഭാസമാണ് തിരുവനന്തപുരത്തും വിഴിഞ്ഞത്തും കൊച്ചിയില്‍ ചെല്ലാനത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വന്‍പദ്ധതികള്‍ കടലില്‍ ആവിഷ്‌ക്കരിച്ചപ്പോള്‍ തീരശോഷണം അതിശക്തമായ രീതിയില്‍ സംഭവിച്ചു.
കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ഈ സമരത്തെ കണ്ടില്ല എന്ന മനോഭാവത്തോടു കൂടി സര്‍ക്കാരിന് എത്രനാള്‍ മുന്നോട്ടു പോകാന്‍ കഴിയും എന്നത് അധികാരികള്‍ ചിന്തിക്കേണ്ട കാര്യം തന്നെയാണ്. തീരജനതയുടെ ന്യായമായ അവകാശം ജീവനും തൊഴിലിനും സംരക്ഷണം നല്‍കണം എന്നതു തന്നെയാണ്. മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പലവട്ടം ഞാന്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നില്‍ക്കുന്നത് നമ്മെ വേദനിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മൂലമ്പിള്ളി നിജസ്ഥിതി പഠനകമ്മീഷനെ വരാപ്പുഴ അതിരൂപത നിയമിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സ്വാതന്ത്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജീവിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശങ്ങള്‍ക്കുവേണ്ടി ജനങ്ങളെ തെരുവിലേക്ക് ഇറക്കുന്നത് അതീവ ദുഃഖകരമാണെന്ന് അടിവരയിട്ടു പറയുന്നു. ആ ദുഃഖത്തില്‍ നിന്ന് ഉണ്ടാകുന്ന പ്രതിഷേധം അതിശക്തമായിരിക്കുമെന്ന് ഓര്‍മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നുന്നു.
ജനബോധനയാത്ര അധികാരികളുടെ കണ്ണു തുറക്കാന്‍ സഹായിക്കട്ടെ എന്നു പ്രത്യാശിക്കുന്നതായും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.
അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനസമൂഹത്തോട് പക്ഷം ചേര്‍ന്നുകൊണ്ട് കെആര്‍എല്‍സിസിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനബോധന യാത്ര സെപ്റ്റംബര്‍ 14ന് ആരംഭിച്ചു. 18ന് തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും. കേരളത്തിന്റെ സൈന്യം എന്നു വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം സംസ്ഥാനതലത്തിലേക്ക് ഒരു ബഹുജന പ്രക്ഷോഭമായി വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ജനബോധന യാത്ര സംഘടിപ്പിക്കുന്നത്.
വികല വികസനത്തിന്റെ ബാക്കിപത്രമായ വല്ലാര്‍പാടം തുറമുഖ റോഡിനായി മൂലമ്പിള്ളിയില്‍ നിന്നു കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികള്‍ കൈമാറിയ പതാക വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോൺ. മാത്യു ഇലഞ്ഞിമറ്റം എന്നിവർ യാത്രയ്ക്ക് നേതൃത്വം നല്കുന്ന കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ക്ക് നല്കി തുടക്കം കുറിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ പ്രസംഗിച്ചു.
തുടര്‍ന്ന് എറണാകുളം നഗരത്തിലെത്തിയ യാത്രയെ മദര്‍ തെരേസ ചത്വരത്തില്‍ സ്വീകരിച്ചു.