പ്രശസ്ത സാമൂഹ്യപ്രവർത്തകയും സമര നായികയുമായ ദയാഭായ് മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടം നടക്കുന്ന വിഴിഞ്ഞത്തെ സമര സ്ഥലത്തെത്തി. ഇന്നലെ വൈകുന്നേരമാണ് സമരവേദിയിൽ ഐക്യദാർഢ്യവുമായെത്തിയത്. മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായി എന്ന മേഴ്സി മാത്യു. മദ്ധ്യപ്രദേശിലെ ഗോണ്ടുകൾക്കിടയിൽ സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഇവിടെ നടക്കുന്നത് വികസനമല്ല,വിനാശമാണ്.അദാനി ഇവിടെ നിന്ന് പോകണം.നമ്മുടെ സ്വാതന്ത്ര്യമനുസരിച്ച് തൊഴിൽ ചെയ്ത് സ്വതന്ത്രരായി നീതിയോടും, ന്യായത്തോടും കൂടി ജീവിക്കാനുള്ള അവകാശം അത് നഷ്ടപ്പെടുത്തിയിട്ടുള്ള ഒരു വികസനവും വേണ്ട. പ്രകൃതിയെ ദ്രോഹിച്ചിട്ടും ഇവിടെ ഒരു വികസനവും വേണ്ടെന്ന ഊർജം പകരുന്ന നിലപാട് സമരവേദിയിൽതന്നെ വ്യക്തമാക്കി.
സമൂഹത്തിലെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ കാടിന്റെ മകളാണ് ദയഭായ്. നീതിനിഷേധിക്കപ്പെടുന്നവരുടെയും ചൂഷണത്തിന് വിധേയരാകുന്നവരുടെയും അഭയമായി മാറിയ പെൺകരുത്തിന്റെ ഉത്തമ ഉദാഹരണം.