പാരീസ്: ഫ്രാൻസിലേക്ക് ലിയോ പതിനാലാമൻ പാപ്പാ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിനമായ, സെപ്റ്റംബർ മാസം ഇരുപത്തിയാറാം തീയതി, പാരീസിലെ, മെയ്സൻ ബഖീത്ത സാമൂഹിക പരിരക്ഷണ, സംയോജന കേന്ദ്രത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, ദരിദ്രർ ഒരു സാമൂഹിക വിഭാഗമല്ല, മറിച്ച് ക്രിസ്തുവിന്റെ ശരീരമാണെന്നും, കാരണം, യേശു തന്റെ മനുഷ്യാവതാരത്തിൽ, വിശപ്പും ദാഹവും അനുഭവിക്കുകയും, ബലഹീനതയും തടവറയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നുള്ള സത്യം നാം മനസിലാക്കണമെന്നും പാപ്പാ അടിവരയിട്ടു. എന്നാൽ എല്ലാവർക്കും പരസ്പരം പങ്കുവയ്ക്കുവാൻ നിരവധി ദാനങ്ങൾ ഉണ്ടെന്നും, നൽകാൻ ഒന്നും ഇല്ലാത്തത്ര ദരിദ്രരായി ആരുമില്ലെന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. ഓരോ വ്യക്തിയുടെയും പരിമിതികൾ മറ്റുള്ളവരുടെ രഹസ്യാത്മകമായ സാന്നിധ്യത്തിലേക്കുള്ള ഒരു വാതിലായി മാറുന്നിടത്താണ്, സമൃദ്ധമായ ജീവിതമനുഭവിക്കുവാൻ സാധിക്കുന്നതെന്നും പാപ്പാ എടുത്തുപറഞ്ഞു.

