വത്തിക്കാന്‍ സിറ്റി: “മനുഷ്യജീവനോടുള്ള ആദരവിനായി” പ്രാർത്ഥിക്കാനായുള്ള ആഹ്വാനവുമായി ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. പാപ്പയുടെ പേരിലുള്ള “പ്രാർത്ഥനാശൃംഖല” പുറത്തുവിട്ട ജൂലൈ മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗ വീഡിയോയിലാണ് ഈ ആഹ്വാനമുള്ളത്. ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതും പൂർണ്ണതയിൽ ജീവിക്കാൻ വിളിച്ചതുമെന്ന് അനുസ്മരിച്ച പാപ്പ, മനുഷ്യജീവന്റെ ആരംഭം മുതൽ അവസാനം വരെ ദൈവതിരുമുഖം പ്രതിഫലിപ്പിക്കുന്ന ഒരു കൃപയാണ് മനുഷ്യനുള്ളതെന്നും പറഞ്ഞു.
എല്ലാ അവസ്ഥകളിലും, പ്രത്യേകിച്ച് ദുർബലമായ അവസ്ഥകളിൽ ജീവനെ ആർദ്രതയോടെ താങ്ങിനിറുത്താനും സംരക്ഷിക്കാനും വേണ്ട കൃപയും മനോഭാവവും സ്വന്തമാക്കാൻ സാധിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാനും പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ഹൃദയത്തിൽ മനുഷ്യരോട് അവഗണന തോന്നാതിരിക്കാനും എല്ലായ്‌പ്പോഴും ജീവന്റെ മാർഗ്ഗം തിരഞ്ഞെടുക്കാനും വേണ്ട കഴിവ് നൽകണമേയെന്നു വീഡിയോ സന്ദേശത്തില്‍ പാപ്പ പ്രാർത്ഥിക്കുന്നുണ്ട്.
ജീവന്റെ ഓരോ ഘട്ടത്തെയും ആദരവോടെ അനുഗമിക്കാനും, ശബ്ദമില്ലാത്തവരെ സധൈര്യം സംരക്ഷിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങൾ ഉദാസീനതയിലേക്കോ വലിച്ചെറിയൽ സംസ്കാരത്തിലേക്കോ വീഴുമ്പോഴും, മറ്റൊരാളിൽ സ്നേഹത്തിന് അർഹനായ ഒരു മനുഷ്യനെ കാണുന്നത് അവസാനിപ്പിക്കുമ്പോഴും, കർത്താവേ, ഞങ്ങളോടു ക്ഷമിക്കണമേ- എന്ന പ്രാര്‍ത്ഥനയും പാപ്പ നടത്തുന്നുണ്ട്. ക്രിസ്തുവിനെപ്പോലെയും അവന്റെ മാതൃകയിലും ജീവനെ സ്നേഹിക്കാൻ വേണ്ട കഴിവ് നൽകണമേയെന്ന പ്രാർത്ഥനയോടെയാണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോ അവസാനിക്കുന്നത്.
