വത്തിക്കാൻ സിറ്റി: ഭൗതികമായ കാര്യങ്ങൾ ജീവിതത്തെ പൂർണ്ണതയിലേക്ക് നയിക്കുകയില്ലെന്ന് ഫ്രാൻസിസ് പാപ്പ. സ്വാർത്ഥതയില്ലാതെ സ്നേഹിക്കുകയും നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന സ്നേഹത്തിന്റെ പാതയാണ് നമ്മുടെ ജീവിതത്തെ നിറവുള്ളതാക്കി മാറ്റുന്നതെന്ന് പാപ്പ കൂട്ടിച്ചേർത്തു. അപ്പനും അമ്മക്കും തങ്ങളുടെ മക്കൾക്കു നൽകാവുന്ന ഏറ്റവും നല്ല പൈതൃകസമ്പത്ത് പണമല്ല മറിച്ച്, ദൈവം നൽകുന്നതുപോലെ എല്ലാം പങ്കുവച്ചു നൽകുന്ന സ്നേഹം അവർക്ക് കൊടുക്കുക എന്നതാണ്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്ത് സുവിശേഷ സന്ദേശം നൽകുകയായിരുന്നു പാപ്പ. അപ്പം വർധിപ്പിച്ചു നൽകിയ അത്ഭുതത്തിനു ശേഷം ജനക്കൂട്ടങ്ങൾ യേശുവിനെ അന്വേഷിച്ച് അവൻ്റെ പിന്നാലെ പോയതിനെക്കുറിച്ച് യോഹന്നാന്റെ സുവിശേഷത്തിൽ വിവരിക്കുന്ന ഭാഗമാണ് (യോഹന്നാൻ 6: 24-35) പാപ്പാ ഈയാഴ്ച വിചിന്തനവിഷയമാക്കിയത്.