വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ദുഃഖം പ്രകടിപ്പിച്ചത്. ഇന്ത്യൻ ജനതയോട്, പ്രത്യേകിച്ച് കേരളത്തിലെ ജനത്തോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നു പാപ്പ പറഞ്ഞു.
പേമാരി മൂലം കനത്ത നാശനഷ്ടമുണ്ടായ, നിരവധി ഉരുൾപൊട്ടലുകൾക്ക് കാരണമായി മനുഷ്യജീവനുകൾ നഷ്ട്ടമായ, നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെട്ട, കേരളത്തിലെ ജനങ്ങളോട് ഞാൻ എൻ്റെ അടുപ്പം പ്രകടിപ്പിക്കുന്നു. വിനാശകരമായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരന്തം ബാധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. തന്റെ പൊതു സന്ദേശത്തിന്റെ സമാപനത്തിലാണ് പാപ്പ കേരളത്തെ നടുക്കിയ ദുരന്തത്തെ കുറിച്ച് പങ്കുവെച്ചത്.