എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ മാടവന സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപമായെന്നാണ് പുറത്തുവരുന്ന വിവരം. പ്രമുഖ ബൈബിള്‍ പണ്ഡിതനായ ഫാ. ഡോ. ജോഷി മയ്യാറ്റിലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒന്‍പതാം ക്ലാസ്സിൽ പഠിക്കുന്ന ആഗ്ന എന്ന പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോഴാണ് തിരുവോസ്തി മാംസരൂപമായി മാറിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിലെ വിവരണത്തില്‍ പറയുന്നു. മൂന്നു ഞായറാഴ്ചകളിലും അത്ഭുതം സംഭവിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്രകടമായ അത്ഭുതം നടന്ന ദിവ്യകാരുണ്യം രൂപത കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്നലെ ഞായറാഴ്ചയും അത്ഭുതം നടന്നു. ദിവ്യബലിക്കു ശേഷം വികാരിയച്ചൻ സക്രാരിയിൽ സൂക്ഷിച്ച ദിവ്യകാരുണ്യം കൈക്കാരന്മാരെയും പാസ്റ്ററൽ സമിതിയംഗങ്ങളെയും വിളിച്ചു കാണിച്ചു. തുടര്‍ന്നു ദേവാലയത്തില്‍ ദിവ്യകാരുണ്യ ആരാധന നടത്തി. ശേഷം തിരുബലിയിൽ പങ്കെടുത്ത മുന്നൂറ്റമ്പതോളം ആളുകൾ ആരാധനയില്‍ പങ്കുചേര്‍ന്നു. തുടര്‍ന്നു ദേവാലയത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരിന്നു. വൈകീട്ട് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ദേവാലയത്തില്‍ എത്തുന്നത് വരെ വിശ്വാസി സമൂഹം ദിവ്യകാരുണ്യ ആരാധന നടത്തിയിരിന്നു.
ആര്‍ച്ച് ബിഷപ്പും ദിവ്യകാരുണ്യ ആരാധനയിൽ പങ്കുകൊണ്ടു. പരിശുദ്ധ ദിവ്യകാരുണ്യ ഭക്തിയിൽ വളരാൻ ആഹ്വാനം ചെയ്ക്കൊണ്ടാണ് പ്രകടമായ അത്ഭുത അടയാളം ദൃശ്യമാക്കിയ ദിവ്യകാരുണ്യം (നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും മനുഷ്യനിര്‍മ്മിതമായ ഓസ്തി ഓരോ വിശുദ്ധ കുര്‍ബാനയിലും ഈശോയുടെ ശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്നു ) മെത്രാസന മന്ദിരത്തിലേക്കു കൊണ്ടുപോയി.
ഇത് ദിവ്യകാരുണ്യ അത്ഭുതമായി തിരുസഭ അംഗീകരിച്ചിട്ടില്ലായെന്ന് ഫാ. ജോഷി പോസ്റ്റില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇതേക്കുറിച്ച് പഠിക്കാൻ ദൈവശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു കമ്മീഷനെ ആര്‍ച്ച് ബിഷപ്പ് നിയോഗിക്കും. ദിവ്യകാരുണ്യം ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കും. വിശദമായ പഠനങ്ങള്‍ വത്തിക്കാന്‍ അംഗീകരിച്ചാല്‍ മാത്രമേ ഇത് ഔദ്യോഗികമായി ദിവ്യകാരുണ്യ അത്ഭുതം നടന്നതായി പ്രഖ്യാപിക്കുകയുള്ളൂ.