വത്തിക്കാന്‍ സിറ്റി: ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് ലിയോ പതിനാലാമൻ പാപ്പ. വെറോണയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ‘അരേന ഓഫ് പീസ്’ പരിപാടിയില്‍ പങ്കെടുത്ത 300-ല്‍ അധികം വരുന്ന സംഘടനാ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. രാഷ്ട്രീയ മേഖലയില്‍ മാത്രം അല്ല, വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹിക മേഖലകളിലും ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമാണെന്ന് പാപ്പ പറഞ്ഞു
സഭയുടെ സാമൂഹിക പ്രബോധനത്തെ ആധാരമാക്കി നടത്തിയ പ്രസംഗത്തില്‍ സമാധാന സ്ഥാപനം ‘എല്ലാവര്‍ക്കും ബാധകമായ ഒരു ഉത്തരവാദിത്വം’ ആണെന്നും സുവിശേഷവും ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പാപ്പ വിശദീകരിച്ചു. ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ഒരു ഇസ്രായേല്‍ക്കാരന്റെയും പലസ്തീനിയന്റെയും ‘ധീരമായ ആലിംഗനം’ പ്രതീക്ഷയുടെ പ്രതീകമായി പാപ്പ ചൂണ്ടിക്കാണിച്ചു.
മാതാപിതാക്കള്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ പൗരനായ മാവോസ് ഇനോനും, കൂടുംബാംഗങ്ങളെ നഷ്ടപ്പെട്ട പലസ്തീന്‍കാരനായ അസീസ് സാറായും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയും, തുടര്‍ന്ന് അവര്‍ നല്‍കിയ സൗഹൃദത്തിന്റെ സാക്ഷ്യവുമാണ് പാപ്പ പരാമര്‍ശിച്ചത്. സമാധാനത്തിന്റെ സംസ്‌കാരത്തിലേക്ക് യുവാക്കളെ നയിക്കേണ്ട ആവശ്യം എടുത്തുപറഞ്ഞു. ‘നല്ല മാതൃകകള്‍’ യുവാക്കളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഓര്‍മിപ്പിച്ചു.