വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ പാപ്പ എക്സിലെയും ഇന്‍സ്റ്റാഗ്രാമിലെയും ഔദ്യോഗിക പേപ്പല്‍ അക്കൗണ്ടുകള്‍ വഴി സോഷ്യല്‍ മീഡിയ സാന്നിധ്യം നിലനിര്‍ത്തും. ഇന്‍സ്റ്റാഗ്രാമില്‍, പാപ്പയുടെ പുതിയ അക്കൗണ്ട് @Pontifex Pope Leo XIV എന്ന പേരിലാണ് ആരംഭിച്ചിരിക്കുന്നത്. ഇത് മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിലെ ഏക ഔദ്യോഗിക പേപ്പല്‍ അക്കൗണ്ടായിരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ @Franciscus എന്ന ഇന്‍സ്റ്റ അക്കൗണ്ട് ഒരു ആര്‍ക്കൈവായി തുടര്‍ന്നും ലഭ്യമാകുമെന്ന് ഡികാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഈ രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫ്രാന്‍സിസ് പാപ്പ സജീവ സാന്നിധ്യം നിലനിര്‍ത്തിയിരുന്നു. തന്റെ കര്‍ദിനാള്‍ കാലഘട്ടത്തില്‍ തന്നെ സജീവമായ ഓണ്‍ലൈന്‍ സാന്നിധ്യം നിലനിര്‍ത്തിയിരുന്ന ലിയോ പതിനാലാമന്‍ പാപ്പ ഫ്രാന്‍സിസ് പാപ്പയുടെ കാലടികള്‍ പിന്തുടര്‍ന്ന് പാപ്പയുടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തോട്, പ്രത്യേകിച്ചും യുവജനങ്ങളോട് സജീവമായി സംവദിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.