വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരണമടഞ്ഞ കർദ്ദിനാളുമാർക്കും, മെത്രാന്മാർക്കും വേണ്ടി ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയര്‍പ്പണം നടന്നു. ഇന്നലെ നവംബർ നാലാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലാണ് പാപ്പ അനുസ്മരണ ബലിയര്‍പ്പിച്ചത്. കഴിഞ്ഞ 12 മാസത്തിനിടെ ഏഴ് കർദ്ദിനാളുമാരും 123 മെത്രാന്മാരുമാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ദൈവജനത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ അംഗങ്ങളുടെ അനുസ്മരണം നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയായി മാറിയിരിക്കുകയാണെന്നു പാപ്പ പറഞ്ഞു.
“യേശുവേ നീ പറുദീസയിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ” എന്ന നല്ല കള്ളന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്, ഫ്രാൻസിസ് പാപ്പ സന്ദേശം ആരംഭിച്ചത്. തന്റെ കൂടെ നടന്നവരിൽ ഒരാളോ, അന്ത്യ അത്താഴത്തിൽ പങ്കാളിയായ ഒരാളോ അല്ല യേശുവിനോട് ‘തന്നെയും ഓർമ്മിക്കണമേ’ എന്ന് അപേക്ഷിക്കുന്നത്. മറിച്ച് പേര് പോലും പരാമർശിക്കപ്പെടാത്ത അവസാന നിമിഷങ്ങളിൽ യേശുവിനെ തിരിച്ചറിഞ്ഞ ഒരു വ്യക്തിയാണ്. ഈ അവസാന വാക്കുകൾ, സത്യത്തിന്റെ സംഭാഷണത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നു പാപ്പ പറഞ്ഞു.
ഈ നല്ല കള്ളനെ പോലെ നാമും, യേശുവിനോട്, പറുദീസയിൽ എന്നെയും ഓർക്കണമേ എന്ന് അപേക്ഷിക്കണം. യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട ആ മനുഷ്യൻ, തന്റെ വേദനയെ പ്രാർത്ഥനയാക്കി മാറ്റിയതാണ് ഈ വാക്കുകളിൽ പ്രതിധ്വനിക്കുന്നത്. ഈ പ്രാർത്ഥന നടത്തുന്നത്, പരാജയപ്പെട്ടവരുടെ ശബ്ദത്തിലല്ല, മറിച്ച് പ്രത്യാശ നിറഞ്ഞ സ്വരത്തിലാണ്. ഈ പ്രാർത്ഥനയ്ക്ക് യേശു നൽകുന്ന ഉത്തരം സ്വീകാര്യതയുടേതാണ്- “നീ ഇന്ന് എന്നോട് കൂടി പറുദീസയിൽ ആയിരിക്കും”. നമ്മുടെ ജീവിതത്തിൽ യേശുവുമായി കണ്ടുമുട്ടുവാൻ നാം പരിശ്രമിക്കുന്നുണ്ടോ എന്ന് സ്വയം വിചിന്തനം ചെയ്യണമെന്നും പാപ്പ പറഞ്ഞു.