വെള്ളിയാഴ്ച രാത്രയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാദർ സ്റ്റാൻ സ്വാമി, ശ്വാസതടസ്സമുള്ളതിനാൽ ഇപ്പോൾ യന്ത്രസഹായത്തോടെയാണ് ശ്വസിക്കുന്നത്. രക്തസമ്മർദ്ദം കുറയുകയാണെന്നും തനിക്ക് ബലഹീനത അനുഭവപ്പെടുന്നതായും ഫാ. സ്വാമി തന്റെ അടുത്ത സൂഹൃത്തായ ഫാദർ ജോസഫ് സേവ്യറെ വിളിച്ച് അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയും അടിയന്തിരമായി ലഭിക്കേണ്ട വൈദ്യചികിത്സയുടെ ആവശ്യകതയും കോടതി മനസ്സിലാക്കിയതോടെയാണ് എൺപത്തിനാലു വയസ്സുള്ള അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബോംബേ ഹൈക്കോടതി അനുമതി നൽകിയത്. ഇപ്പോൾ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെങ്കിലും, അടുത്ത പരിചയക്കാരെപ്പോലും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും, വിശദമായ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകുമെന്നും ബാംഗ്ളൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് തലവനായ ഫാ. ജോസഫ് സേവ്യർ പറഞ്ഞു. തുടർന്ന് ഇന്നലെ വൈകിചട്ടാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്.
ബോംബെ ഹൈക്കോടതി ജഡ്ജിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ, ഫാ. സ്വാമി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് നിരസിക്കുകയും തന്റെ ജനത്തോടൊപ്പം താമസിക്കാൻ റാഞ്ചിയിലേക്ക് പോകാൻ ഇടക്കാല ജാമ്യത്തിനായി അപേക്ഷിക്കുകയും ചെയ്തിരുന്നു. ബോംബെ ഹൈക്കോടതിയുടെ മുതിർന്ന അഭിഭാഷകനുമായ മിഹിർ ദേശായി, കോടതിയുടെ അനുമതിയോടെ, അദ്ദേഹത്തോട് സംസാരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിക്കാൻ അദ്ദേഹം സമ്മതം മൂളിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതോടെയാണിത്. ജൂണിൽ ഹൈക്കോടതി വീണ്ടും തുറന്ന ശേഷം ഇടക്കാല ജാമ്യത്തിനായി വീണ്ടും ആവശ്യപ്പെടുമെന്നും ദേശായി പറഞ്ഞു.
മെയ് 21 ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച്, ഫാ. സ്വാമിയെ സർക്കാർ നിയന്ത്രണത്തിലുള്ള ജെജെ ആശുപത്രിയിൽ ഏതാനും ദിവസത്തേക്ക് പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു, പക്ഷേ, അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് ഹോളി ഫാമിലി ആശുപത്രിയിലേക്ക് അയയ്ക്കാനാണ് ഒടുവിൽ കോടതി നിർദ്ദേശിച്ചത്.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഫാ. സ്വാമിയെ 2020 ഒക്ടോബർ 8 നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ സംഘം റാഞ്ചിയിലെ നംകുമിലുള്ള വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് മുംബൈയിലെ തലോജ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയതിനുശേഷം ആറു മാസമായി ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും അദ്ദേഹം ജയിലിൽ തുടരുകയാണ് . 84 വയസ്സുള്ള അദ്ദേഹത്തിന് ഇതുവരെ ഇടക്കാല ജാമ്യം പോലും ലഭിച്ചിട്ടില്ല. ഒപ്പം മനുഷ്യവകാശ പ്രവർത്തകരും സാംസ്കാരിക നായകന്മാരും അദ്ദേഹത്തെ ഏറെക്കുറെ മറന്ന മട്ടാണ്.
അവലംബം: ദി ടെലഗ്രാഫ്