കൊച്ചി: എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍ മൈനോരിറ്റി വകുപ്പും മൈനോരിറ്റി കമ്മീഷനും രൂപീകരിച്ചശേഷം, ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി കേന്ദ്ര-കേരളസര്‍ക്കാരുകള്‍ അനുവദിക്കുന്ന സമ്പത്ത് ഏതെങ്കിലും ഒരു ന്യൂനപക്ഷവിഭാഗത്തിനു മാത്രമായി ചിലവഴിക്കുന്നതിനെയാണ് പുനപ്പരിശോധിക്കേണ്ട ഒന്നായി ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമവകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതികള്‍ എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളെയും മുന്നില്‍ക്കണ്ടായിരിക്കണം എന്നും ബഹുമാനപ്പെട്ട ഹൈക്കോടതി നിരീക്ഷിക്കുന്നു. വളരെ വസ്തുതാപരമായി ഈ വിഷയത്തെ സമീപിച്ച ഹൈക്കോടതി, നീതിപൂര്‍വകമായി വേണം ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നു. ശ്രീ പാലൊളി മുഹമ്മദ്കുട്ടി തന്നെ ഈ വിധിയെ സ്വാഗതം ചെയ്തിരിക്കുന്നുവെന്നത് പ്രതീക്ഷയ്ക്കു വക നല്കുന്നു. വേണ്ടിവന്നാല്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം നടത്തുന്നതിന് ജനാധിപത്യ സര്‍ക്കാര്‍ തയ്യാറാകണം.
ന്യൂനപക്ഷവകുപ്പ് പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികള്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതും ആനുകൂല്യങ്ങളുടെ വിതരണത്തില്‍ വിവേചനപരമായ അനുപാതം നിശ്ചയിച്ചതും ഹൈക്കോടതി റദ്ദാക്കിയതിലൂടെ വ്യക്തമാകുന്നത്, സര്‍ക്കാര്‍ ഈ അനുപാതം നിശ്ചയിച്ചത് ശാസ്ത്രീയമായ പഠനത്തിന്റെ വെളിച്ചത്തിലല്ലായിരുന്നു എന്നാണ്. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്നോക്കാവസ്ഥ ശാസ്ത്രീയമായി പഠിച്ചിട്ടുവേണമായിരുന്നു ക്ഷേപദ്ധതികളിലെ അനുപാതം നിശ്ചയിക്കേണ്ടിയിരുന്നത്.
ന്യൂനപക്ഷക്ഷേമം എന്നത് ജനാധിപത്യസംവിധാനത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളുടെയും ക്ഷേമം എന്നായിരിക്കണം. നിക്ഷിപ്ത താത്പര്യങ്ങള്‍വച്ചോ, രാഷ്ട്രീയലാഭം നോക്കിയോ മാത്രം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സമൂഹത്തില്‍ സ്പര്‍ദ വളര്‍ത്തുന്നതിനും സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമാകും.
ഈ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഭാരതഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ വിവേചനരഹിതമായി ന്യൂനപക്ഷ വിഭാഗങ്ങളിലെ ഓരോ വിഭാഗത്തിനും അവര്‍ അര്‍ഹിക്കുന്ന പരിഗണന കൊടുത്ത് പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.