തിരുവനന്തപുരം: ലോകത്തിലെ വിവിധയിടങ്ങളിലും വിശുദ്ധ നാട്ടിലും അരങ്ങേറുന്ന ഭീകരതയ്ക്കും യുദ്ധത്തിനുമെതിരെ വിശ്വാസ സമൂഹത്തിന്റെ പ്രാർത്ഥനയാചിച്ച് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത തോമസ് ജെ. നെറ്റോ. അതിന്റെ ഭാഗമായി ഒക്ടോബർ 27, വെള്ളിയാഴ്ച ലോകസമാധാനത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കാൻ പിതാവ് വിശ്വാസികളോട് അഭ്യർത്ഥിച്ചു.
അന്നേ ദിവസം ഉപവാസത്തോടൊപ്പം ദിവ്യബലിയിലും ദിവ്യകാരുണ്യ ആരാധനയിലും പങ്കുകൊള്ളാനും ഒപ്പം പരിഹാരപ്രവൃത്തികളും, ജപമാല പ്രാർത്ഥന, കരുണകൊന്ത, കുരിശിന്റെ വഴി പോലുള്ള ഭക്താഭ്യാസങ്ങളിൽ വ്യാപരിക്കാനും പ്രത്യേകമായി പുറത്തിറക്കിയ സർക്കുലറിൽ ഇടവക വികാരിമാരോടും വിശ്വാസികളോടും മെത്രാപ്പൊലീത്ത ആവശ്യപ്പെട്ടു. ഫ്രാൻസിസ്സ് പാപ്പായും അന്നേദിനം പ്രാർത്ഥന ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.