കഴക്കൂട്ടം ∙ കുരിശിന്റെ വഴി ക്രിസ്തീയ വിശ്വാസത്തിന്റെ പാഠശാലയെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ . തോമസ് ജെ. നെറ്റോ. കഴക്കൂട്ടം ഫെറോനയുടെ നേതൃത്വത്തിൽ നടന്ന പരിഹാര കുരിശിന്റെ വഴിയിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.കുരിശിന്റെ വഴി നഷ്ടപ്പെടുത്തലിന്റെ വഴിയാണ്. ത്യാഗത്തിന്റെയും സേവനത്തിന്റെയും ക്ഷമയുടെയും സ്നേഹത്തിന്റെയും അനുഭൂതിയാണ് അതിലൂടെ നമുക്ക് ലഭിക്കുന്നത്. കുരിശിന്റെ വഴികളിലെ തന്റെ സഹനത്തിലൂടെ യേശു നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കഴക്കൂട്ടം സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച പരിഹാര കുരിശിന്റെ വഴി കാര്യവട്ടം ക്രിസ്തുരാജാ ദേവാലയത്തിൽ സമാപിച്ചു. ഫെറോന വികാരി ഫാ. ജോസഫ് ബാസ്റ്റിൻ സന്ദേശം നൽകി. ഫെറോന വൈദികർ, സന്യസ്തർ, വൈദിക വിദ്യാർഥികൾ ഉൾപ്പെടെ നിരവധി വിശ്വാസികൾ പരിഹാര കുരിശിന്റെ വഴിയിൽ പങ്കെടുത്തു.