ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് തൽസമയ ആവേശ നിമിഷങ്ങൾ പങ്കുവയ്ക്കാൻ വിഴിഞ്ഞത്തെ എബിൻ റോസും. ലോകകപ്പിൽ മലയാളത്തിൽ ഫുട്ബോൾ കമന്ററി പറയാൻ രണ്ടു സ്വകാര്യ ചാനലുകളാണ് ദേശീയ ഫുട്ബോൾ താരം കൂടിയായ വിഴിഞ്ഞം തെന്നൂർക്കോണം റോസ് നിവാസിൽ എബിൻ റോസിനെ(45) തിരഞ്ഞെടുത്തത്.
സെമി തൊട്ടുള്ള മത്സരങ്ങൾക്ക് ഖത്തറിൽ നിന്ന് നേരിട്ടും അതുവരെ മുംബൈയിലെ സ്റ്റുഡിയോയിൽ നിന്നും സ്പോർട്സ് 18, ജിയോ എന്നീ ചാനലുകളിലാണ് എബിന്റെ ശബ്ദം മുഴങ്ങുക. പതിനാറാം വയസ്സിൽ ജില്ലാ ടീമിലും പതിനെട്ടാം വയസ്സിൽ എസ്. ബി.ടി- യിലും കളിച്ച എബിൻ അതിന്റെ തൊട്ടടുത്ത വർഷം തന്നെ ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ നിലവിൽ സൂപ്പ്രണ്ടായി സേവനം ചെയ്യുന്നു. കിരീടം നേടിയപ്പോൾ ഉൾപ്പെടെ നാലുതവണ സന്തോഷ് ട്രോഫി ടീമിൽ ഉണ്ടായിരുന്നു. കേരള ടീമിൽ അഞ്ചു തവണയും ദേശീയ ഗെയിംസിൽ ഒരു തവണയും കളിച്ചു. ഐ ലീഗിൽ വിവാ കേരളയിലും അംഗമായിരുന്നു.
ഫുട്ബോൾ സംബന്ധിയായ അവലോകനങ്ങൾ, പരിശീലനം എന്നിവയിലൂടെ ഫുട്ബോൾ രംഗത്ത് സജീവമാണ് എബിൻ.