വത്തിക്കാന്‍ സിറ്റി: ഭക്ഷണം പാഴാക്കുക എന്ന മഹാവിപത്തിനെക്കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ലോകത്ത് അനുദിനം വര്‍ധിച്ചുവരുന്ന ഭക്ഷ്യമാലിന്യ പ്രശ്‌നത്തില്‍ അടിയന്തര നടപടി വേണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. കാര്‍ഷിക വികസനത്തിനായുള്ള ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് (ഐ.എഫ്.എ.ഡി) ഗവേണിംഗ് കൗണ്‍സിലിന്റെ 47-ാമത് സെഷനില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പരിശുദ്ധ പിതാവിന്റെ ഓര്‍മപ്പെടുത്തല്‍. പാഴാക്കുന്ന ഭക്ഷണം ലോകത്തിന്റെ വിശപ്പകറ്റാന്‍ പര്യാപ്തമാണ്. അതല്ലെങ്കില്‍ ഭക്ഷ്യ മാലിന്യം ഭൂമിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും.
ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഏതെങ്കിലുമൊരു തരത്തില്‍ നഷ്ടപ്പെടുകയോ പാഴായിപ്പോകുകയോ ചെയ്യുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ലോകം ഇന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട് ഹൃദയഭേദകമായ ഒരു യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു. ‘ഒരു വശത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയാല്‍ വലയുമ്പോള്‍, മറുവശത്ത്, ഭക്ഷണം പാഴാക്കുന്നതില്‍ വലിയ നിര്‍വികാരത കാണുന്നു’. ലോകമെമ്പാടുമായി ഭക്ഷണം പാഴാക്കുന്നത് അവസാനിപ്പിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.