തിരുവനന്തപുരം : മണ്ണെണ്ണ ദൗർലഭ്യവും വില വർദ്ധനവും മൂലം മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തിര പരിഹാരം വേണമെന്ന് തിരുവനന്തപുരം അതിരൂപത മൽസ്യത്തൊഴിലാളി ഫോറം സർക്കാരിനോടാവശ്യപ്പെട്ടു.
തീരദേശത്തെ ഒട്ടുമിക്ക ജനങ്ങളും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് അവരുടെ ഉപജീവനം നടത്തുന്നത്. എന്നാൽ ഈ അടുത്തയിടെയായി മണ്ണെണ്ണയുടെ ലഭ്യതക്കുറവും വില വർദ്ധനവും മൂലം മത്സ്യ ബന്ധനം തന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തഴിലാളികൾ. മത്സ്യതൊഴിലാളികളുടെ തൊഴിൽ സുരക്ഷയ്ക്കായി കേരള സർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതിയാണ് മണ്ണെണ്ണ വിതരണം . സിവിൽ സപ്ലൈസമായി ചേർന്ന് കേന്ദ്ര സർക്കാരിൻറെ സഹായത്തോടെ നൽകുന്ന നീല മണ്ണെണ്ണയും മത്സ്യഫെഡ് വഴി നൽകുന്ന വെള്ള മണ്ണെണ്ണയും. 9.9 ഹോഴ്സ് പവർ എൻജിന് 25 രൂപ സബ്സിഡി നിരക്കിൽ 140 ലിറ്റർ മണ്ണെണ്ണ നല്കിയിരുന്നു. ഈ സബ്സിഡി ഏർപ്പെടുത്തിയത് 45 രൂപ മണ്ണെണ്ണയ്ക്ക് വില ഉണ്ടായിരുന്ന സമയത്താണ് .എന്നാൽ ഇന്ന് ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 123 രൂപയാണ് വില . ഇപ്പോഴും 25 രൂപ തന്നെയാണ് സബ്സിഡി. ആയതിനാൽ സബ്സിഡി ഏർപ്പെടുത്തിയപ്പോൾ ഉണ്ടായിരുന്ന 60% സബ്സിഡി മണ്ണെണ്ണയ്ക്ക് പുനസ്ഥാപിക്കണമെന്ന് മൽസ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. പരമ്പരാഗതമായ ഒരു വള്ളം കടൽ പണിക്കായി ഇറക്കണമെങ്കിൽ 80 ലിറ്റർ മുതൽ 120 ലിറ്റർ മണ്ണെണ്ണ വരെ ഒരുദിവസം ചിലവാകും. ഇപ്രകാരം ഇന്ധനത്തിന് വേണ്ടി മാത്രം പതിനായിരക്കണക്കിന് രൂപ മത്സ്യത്തൊഴിലാളികൾ ഒരു ദിവസം ചെലവഴിക്കേണ്ടി വരുന്നു. തുടർച്ചയായി മൂന്നുനാലു ദിവസം മത്സ്യം ലഭിക്കാതെ വന്നാൽ മൽസ്യത്തൊഴിലാളി കുടുംബങ്ങൾ ദാരിദ്ര്യത്തിലും പട്ടിണിയിലുമാകും. ഇപ്പോൾ തീരദേശത്ത് നാലിലൊന്ന് വള്ളങ്ങൾ മാത്രമേ പണിക്കായി പോകുന്നുള്ളൂ. മണ്ണെണ്ണയുടെ ദൗർലഭ്യവും വിലക്കയറ്റവും മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിന് സാരമായി ബാധിച്ചു. ആയതിനാൽ മണ്ണെണ്ണയ്ക്കുള്ള സബ്സിഡി അറുപത് ശതമാനം ഉയർത്തി മത്സ്യതൊഴിലാളികളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കണമെന്ന് തിരുവനന്തപുരം അതിരൂപതാ നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടു.കേന്ദ്രസഹായത്തോടെ നൽകിയിരുന്ന നീല മണ്ണെണ്ണയുടെ തോതുയർത്തി അത് മുടക്കം കൂടാതെ എല്ലാ മാസവും നൽകാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും,തിരുവനന്തപുരം തീരത്തെ പ്രധാനമായും പൊഴിയൂർ, ശംഖുമുഖം, അഞ്ചുതെങ്ങ് മേഖലകളിലെ തീര ശോഷണം നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളെ വരുന്ന മൺസൂൺ മാസങ്ങളെ അതിജീവിക്കാൻ പര്യാപ്തമാക്കണമെന്നും , കൊല്ലംകോട് – പരുത്തിയൂർ ഭാഗങ്ങളിൽ തീരദേശ ഭിത്തി കെട്ടി ജനവാസം സുരക്ഷിതം ആക്കണമെന്നും അതിരുപത ആവശ്യപ്പെട്ടു. തോപ്പ് പ്രദേശത്തും കണ്ണാന്തുറ, വെട്ടുകാട് ,കൊച്ചുവേളി പ്രദേശങ്ങളിലും തീരദേശഭിത്തി കെട്ടി ജനങ്ങളുടെ ഭവനത്തിനും ഏറ്റിനങ്ങൾക്കും സുരക്ഷ നൽകണമെന്നും, അഞ്ചുതെങ്ങ് മാമ്പിള്ളി പ്രദേശങ്ങളിൽ തകർന്നുപോയ തീരദേശ ഭിത്തി ബലപ്പെടുത്തണം എന്നും തിരുവനന്തപുരം അതിരൂപതാ ഫിഷറീസ് ഡയറക്ടർ ഫാ.ഷാജൻ ജോസ് ആവശ്യപ്പെട്ടു.