പ്രഖ്യാപന നാൾ മുതൽ അനുമോദന ചടങ്ങുകൾ വരെ അഹോരാത്രം പ്രവർത്തിച്ച വൈദികർക്കും അല്മായർക്കും നന്ദി അർപ്പിക്കുന്നതിനോടൊപ്പം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ നിർവഹണത്തിൽ തുടർന്നും ഒരു കുടുംബമായി മുന്നേറാം അതിനായി നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും ഓർക്കണം എന്ന വാക്കുകളോടെയാണ് പിതാവ് ഇടയലേഖനം ആരംഭിക്കുന്നത്.
തിരുവനന്തപുരം പ്രാദേശിക സഭയിൽ കഴിഞ്ഞ കാലങ്ങളിൽ നാം നടപ്പിലാക്കിയ, ഇന്നും തുടരുന്ന അടിസ്ഥാന കൈ്രസ്തവ സമൂഹങ്ങൾ (ബി.സി.സി.കൾ), വിവിധ ശുശ്രൂഷാ സംവിധാനങ്ങൾ, പങ്കാളിത്ത ഘടനകൾ തുടങ്ങിയവയെല്ലാം അജപാലന ദർശനം സാക്ഷാത്ക്കരിക്കാൻ ഏറ്റവും സഹായകരമായ മാർഗ്ഗങ്ങളും വേദികളുമാണെന്ന് പിതാവ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ ബോധവൽക്കരണവും പരിശീലന പരിപാടികളും വഴി ബി.സി.സി. വിശ്വാസ പരിശീലനം തുടങ്ങി എല്ലാ ഘടകങ്ങളേയും സജീവമാക്കുകയും, മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള ലക്ഷ്യങ്ങളും മുൻഗണനകളും പദ്ധതികളും കർമ്മപരിപാടികളും ആസൂത്രണം ചെയ്ത് കാര്യക്ഷമതയോടെ നടപ്പിലാക്കണമെന്നും പിതാവ് ആഹ്വാനം ചെയ്യുന്നു.
തൻ്റെ മുൻഗാമികളുടെ ദീർഘവീക്ഷണത്തോടെയും ത്യാഗമനോഭാവത്തോടെയും ഉള്ള നിസ്തുല സേവനങ്ങളെ സ്മരിക്കുന്നതിനോടൊപ്പം വിശ്രമ ജീവിതത്തിലായിരിക്കുന്ന അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തയ്ക്ക് അതിരൂപതാമക്കളുടെ ആത്മാർത്ഥമായ നന്ദിയും സ്നേഹാദരവുകളും പുതിയ ഇടയൻ എന്ന നിലയിൽ അർപ്പിച്ച്കൊണ്ട് വിശുദ്ധവാര ദിനങ്ങളിൽ ആത്മാർത്ഥതയോടും തീഷ്ണതയോടും ഒരുങ്ങുവാൻ കഴിയട്ടെ എന്ന ആശംസയോടെ ഇടയലേഖനം അവസാനിക്കുന്നു.