ക്രിസ്തുമസ് സ്‌മൈൽ 2022: മക്കളില്ലാത്ത ദമ്പതികളുടെ കൂട്ടായ്മയ്ക്ക് രൂപം നല്കി അതിരൂപത കുടുംബ ശുശ്രൂഷ സമിതി
തിരുവനന്തപുരം അതിരൂപതയിലെ മക്കളില്ലാത്ത ദമ്പതികളുടെ കൂടിവരവ് ഡിസംബർ 17 ശനിയാഴ്ച വെള്ളയമ്പലം റ്റി എസ് എസ് എസ് ഹാളിൽ വച്ച് നടന്നു. ഒത്ത്ചേരലിൽ നമ്മുടെ ക്ഷേമത്തിനായുള്ള ദൈവീക പദ്ധതികൾ എന്ന വിഷയത്തെ അസ്പദമാക്കി ഡോ. ജോയി ജോൺ കുടുംബശുശ്രൂഷ: കുടുംബങ്ങളുടെ ശാക്തീകരണത്തിനും വളർച്ചയ്ക്കും എന്ന വിഷയത്തെ ആസ്പതമാക്കി ശ്രീ. സതീഷ് ജോർജ് എന്നിവർ ദമ്പതികൾക്ക് ക്ലാസ്സെടുത്തു.. ക്രിസ്തുമസ് കലാവിരുന്നിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ. ക്രിസ്റ്റൽ റൊസ്സാരിയോ അദ്ധ്യക്ഷത വഹിച്ചു. മക്കളില്ലാത്ത ദമ്പതികൾ സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കേണ്ടവരല്ലന്നും ഇവരെ ഒറ്റ്പ്പെടുത്തുന്ന സമൂഹത്തിന്റെ മനോഭാവത്തിന് മാറ്റം വരുത്തേണ്ട പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്ത പറഞ്ഞു. സ്നേഹമാകുന്ന ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യരെ വിവാഹമെന്ന കൂദാശയിലൂടെ ദൈവം സയോജിപ്പിക്കുന്നത് പരസ്പ്പരം സ്നേഹം പങ്കുവയ്ക്കുന്നതിനാണ്. എന്തുകൊണ്ട് സന്താന സൗഭാഗ്യം ലഭിച്ചില്ലായെന്ന് ചിന്തിക്കാതെ, ദൈവത്തിന് നമ്മെക്കുറിച്ചുള്ള സുന്ദരമായ പദ്ധതിയെക്കുറിച്ച് ഓർത്ത് സ്നേഹം പങ്കുവച്ചും സേവനങ്ങളിൽ തല്പരരായും ജീവിക്കേണ്ടവരാണ് നാം. സ്നേഹം മരണത്തെക്കാൾ ശ്രേഷ്ഠമാണ്. ദൈവവിളി സ്വീകരിച്ച്, ദൈവത്തിന്റെ പദ്ധതിയനുസരിച്, ഭൂമിയിൽ സഹനങ്ങളേറ്റെടുത്ത നിങ്ങൾ ഭാവിയിലെ വിശുദ്ധരാവാൻ വിളിക്കപ്പെട്ടവരാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി.
കുടുംബ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെനിസ്റ്റൻ, ആനിമേറ്റേഴ്സ്, വോളന്റിയേഴ്സ്, സന്യസ്തർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ക്രിസ്തുമസ് കേക്ക് മുറിച്ചും, ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. മക്കളില്ലാത്ത ദമ്പതികൾക്ക് വേണ്ടിയുള്ള അനുധാവന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഫോറം രൂപീകരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഇവർക്കായുള്ള ശക്തീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ശുശ്രൂഷ ഡയറക്ടർ അറിയിച്ചു.