ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പയ്ക്ക് ഇന്ന് 86ആം ജന്മദിനം. ഇന്ന് ലോകമെമ്പാടുമുള്ള നിരവധി പേരാണ് പാപ്പയ്ക്ക് പ്രാർത്ഥനകളും ആശംസകളും നേരുന്നത്. 1936 ഡിസംബർ മാസം പതിനേഴാം തീയതി അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ മാരിയോ ഹൊസെയുടെയും റിജീന സിവോരിയുടെയും മകനായി ജോർജ് മരിയോ ബർഗോളിയോ ജനിച്ചു. ഇറ്റലിയിൽ നിന്നും അർജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാൻസിസ് പാപ്പയുടെ മാതാപിതാക്കൾ.
രസതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ ജോർജ് മരിയോ 1958 മാർച്ച് പതിനൊന്നാം തീയതി ജസ്യൂട്ട് സന്യാസഭയിൽ ചേർന്ന വൈദികൻ ആകാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയിൽ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂർത്തീകരിച്ചു. 1963 അർജന്റീനയിൽ മടങ്ങിയെത്തിയ അദ്ദേഹം സാൻ മിലിലെ സാൻജോസ് കോളേജിൽ നിന്നും തത്വശാസ്ത്രത്തിൽ ബിരുദ പഠനവും പൂർത്തിയാക്കി. 1969 ഡിസംബർ പതിമൂന്നാം തീയതിയാണ് ജോർജ് മാരിയോ ബർഗോളിയോ അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ പൗരോഹിത്യം സ്വീകരിച്ചത്.
ഈശോ സഭയിൽ ആദ്യകാല അജപാലന ശുശ്രൂഷയും സന്യാസ സമർപ്പണവും ജീവിച്ച ഫാ. ബർഗോളിയോ, 1973ല്‍ ഈശോ സഭയുടെ അർജന്റീനയിലെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. 1979 വരെ തൽസ്ഥാനത്ത് തുടർന്നു. 1992ൽ അദ്ദേഹം ബ്യൂണസ് ഐറിസ് അതിരൂപതയുടെ സഹായ മെത്രാനും തുടർന്ന് 1998 മെത്രാപ്പോലീത്തയായും നിയമിതനായി.
ബ്യൂണസ് ഐറിസ് അതിരൂപത അധ്യക്ഷനായി പ്രവർത്തിക്കവേ ജോൺപോൾ രണ്ടാമൻ പാപ്പയാണ് ആർച്ച് ബിഷപ്പ് ബർഗോളിയോയെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. 2013ൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്തതിന് തുടർന്നാണ് മാർച്ച് 13 കർദിനാൾ ബർഗോളിയോ പാപ്പാസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈശോ സഭയിൽ നിന്നും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും മാത്രമല്ല യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യത്തെ സഭ തലവനാണ് ഫ്രാൻസിസ് പാപ്പ.