തോമസ് ജെ. നേറ്റോ പിതാവ് വൈദികനായി അഭിഷിക്തനായതിന്റെ വാർഷകമാണ് ഡിസംബർ പത്തൊൻപതിന്. 33 വർഷത്തിനു മുൻപുള്ള പൗരോഹിത്യ സ്വീകരണത്തിന്റെ ഓർമ്മകളുമായി മറ്റൊരു പൗരോഹിത്യസ്വീകരണ വാർഷികത്തിൽ പിതാവെത്തിയത് മണ്ണടിക്കോണത്തെ കരുണാലയം കേന്ദ്രത്തിൽ.
പൗരോഹിത്യസ്വീകരണത്തിനു ശേഷം അദ്ദേഹം തന്റെ പ്രഥമ ദിവ്യബലിയർപ്പണം നടത്തിയത് ഈ കരുണാലയം കേന്ദ്രത്തിലായിരുന്നു. മെത്രാഭിഷേകത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ പിതാവിനെ കാണാൻ അന്തേവാസികൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അന്ന് യുവവൈദികനായിരുന്ന പിതാവിന്റെ ദിവ്യബലിയിൽ പങ്കെടുത്തതും അന്തേവാസികളിൽ ചിലർ ഓർത്തെടുത്തിരുന്നു.
തോമസ് നെറ്റോ പിതാവിന്റെ സ്ഥാനാരോഹണത്തിനുശേഷമുള്ള തന്റെ ആദ്യ പൗരോഹിത്യവാർഷികദിനത്തിൽ തന്നെ, അഗതികളായ സ്ത്രീകളെ സംരക്ഷിക്കുന്ന കരുണാലയം കേന്ദ്രത്തിലെത്തി, ക്രിസ്തുമസിന്റെ സമ്മാനങ്ങളും കൈമാറിയാണ് പിതാവ് മടങ്ങിയത്.
ഡി. എസ്. എസ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന കരുണാലയം നെയ്യാറ്റിൻകര രൂപതയിലെ മാറനല്ലൂർ സെന്റ് പോൾസ് ഇടവകയിലാണ് പ്രവർത്തിക്കുന്നത്.