വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പോലും വ്യാജ വാർത്തകളും ദുരാരോപണങ്ങളും പടച്ച് വിടുന്നതിനിടയിലാണ് ഫിഷറീസ് മന്ത്രിക്ക് മറുപടിയുമായി ശ്രീ. ജോസഫ് വിജയന്റെ ഫെസ് ബുക്ക് പോസ്റ്റ്. പതിനായിരം പേർക്ക് വിഴിഞ്ഞം തുറമുഖത്ത് ജോലി കിട്ടുമെന്ന് പറഞ്ഞ മന്ത്രിയുടെ വാദത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് ഈ കുറിപ്പിൽ ശ്രീ ജോസഫ് വിജയൻ. “തള്ളുന്നതിനും ഒരതിരൊക്കെ വേണ്ടേ തുറമുഖ വകുപ്പ് മന്ത്രീ” എന്ന് തുടങ്ങുന്ന പ്രതികരണത്തിന്റെ പൂർണ്ണരൂപം വായിക്കാം.
വിഴിഞ്ഞം കണ്ടെയിനർ തുറമുഖ പരിസരത്ത് സജ്ജമാകുന്ന കണ്ടെയിനർ ഫ്രൈറ്റ് സ്റ്റേഷൻ ഉടൻ തുടങ്ങുമെന്നും ഇതിൽ പതിനായിരത്തോളം പേർക്ക് തൊഴിൽ കിട്ടുമെന്നും തുറമുഖ മന്ത്രി പറഞ്ഞതായി മനോരമ പത്രം ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. (മനോരമ 12 ഓഗസ്റ്റ്)
അദാനി തുറമുഖ നിർമ്മാണത്തിന്റെ കെടുതികൾ സഹിക്കവയ്യാതെ തീരദേശവാസികൾ സമരം തുടങ്ങിയപ്പോഴാണ് മന്ത്രി ഈ വിടുവായൻ പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഇതിന് സത്യവുമായി വല്ല പുലബന്ധവുമുണ്ടോ? ഇല്ലെന്നതാണ് സത്യം.
മന്ത്രിയോട് ആദ്യമേ ഒരു ചോദ്യം ചോദിക്കട്ടെ. കൊച്ചിയിലെ വല്ലാർപാടം ദുബായ് പോർട്സ് അന്താരാഷ്ട്ര തുറമുഖം 2011 മുതൽ പ്രവർത്തിക്കുകയാണല്ലോ? അവിടെ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന് (KSIE) കീഴിൽ ഒരു കണ്ടെയിനർ ഫ്രൈറ്റ് സ്റ്റേഷൻ (CFS) തുറമുഖത്ത് നിന്നും 14 കി.മീ അകലെ ഏലൂർ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്നത് മന്ത്രിക്ക് അറിയാമോ? അവിടെ ആകെ എത്ര തൊഴിലാളികൾ ഉണ്ടെന്നും, അവരിൽ എത്ര പേരാണ് എറണാകുളം തീരദേശ മേഖലയിൽ നിന്നും ജോലി ചെയ്യുന്നതെന്നും മന്ത്രി അന്വേഷിച്ചിട്ട് പറയാമോ? അവിടെ സ്ഥിരം തൊഴിലാളികൾ എത്ര പേരാണുള്ളത്? 100 പേരെങ്കിലും തികച്ചുണ്ടോ? വല്ലാർപാടം തുറമുഖത്ത് പ്രതിവർഷം 10 ലക്ഷം കണ്ടെയിനറുകൾ കൈകാര്യം ചെയ്യാനാണ് ശേഷിയെങ്കിൽ ഇവിടെ വിഴിഞ്ഞത്ത് 7.5 ലക്ഷം മാത്രം എന്നാണ് അദാനിയുമായുള്ള കരാറിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രിക്ക് അറിയാമോ?
ഇനി വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന്റെ ഔദ്യോഗിക ഇ.ഐ.എ പഠനത്തിൽ ആകെ ഉണ്ടാകാവുന്ന തൊഴിൽ അവസരങ്ങളുടെ കണക്ക് നൽകിയിട്ടുള്ളത് നോക്കുക. അത് മന്ത്രി വായിച്ചിട്ടുണ്ടാകില്ല. അതിൽ കണ്ടെയിനർ ഫ്രൈറ്റ് സ്റ്റേഷൻ തൊഴിലും സൂചിപ്പിച്ചിട്ടുള്ളത് മന്ത്രിക്ക് അറിയാമോ? ഇനിയെങ്കിലും അത് വായിച്ചു നോക്കണം. (ഇംഗ്ലീഷിലുള്ള ആ ഭാഗം താഴെ നൽകിയിരിക്കുന്നത് കാണുക) അതിന്റെ മലയാളം ഇങ്ങനെ: തുറമുഖത്തിന്റെ നിർമ്മാണ ഘട്ടത്തിൽ 2000 പേർക്കാണ് തൊഴിൽ സാധ്യത. തുറമുഖം ഓപ്പറേറ്റ് ചെയ്തു തുടങ്ങുമ്പോൾ 600 പേർക്ക് നേരിട്ട് തൊഴിൽ കിട്ടും കൂടാതെ 2000 പേർക്ക് നേരിട്ടല്ലാതെ (ട്രക്ക് ഡ്രൈവിംഗ്, ട്രക്ക് റിപ്പയർ, ടാക്സി, ഭക്ഷണശാലകൾ, ക്രൂയിസ് സർവീസ്, നേവി/കോസ്റ്റ്ഗാർഡ് സർവീസ്, സി.എഫ്.എസ് സർവീസ്). ഇതിൽ അവസാനം പറയുന്ന സി.എഫ്.എസ് ആണ് ഇപ്പോൾ മന്ത്രി പറയുന്ന കണ്ടെയിനർ ഫ്രൈറ്റ് സ്റ്റേഷൻ.
രേഖകൾ പറയുന്നത് ഇതായിരിക്കെ, മന്ത്രി എന്തുകൊണ്ടാണ് ഈ പച്ചക്കള്ളം പറഞ്ഞത്. തീരദേശത്തുള്ളവരെ എളുപ്പം പറ്റിക്കാമെന്നാണോ ഈ മന്ത്രി കരുതിയത്? അവർ രേഖകളൊന്നും വായിക്കില്ലെന്നാകും മന്ത്രി വിചാരിച്ചത്.
ഈ കണ്ടെയിനർ ഫ്രൈറ്റ് സ്റ്റേഷനുകൾ (സി.എഫ്.എസ്) സംബന്ധിച്ച് ഞാൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ചില കാര്യങ്ങൾ കൂടി പറയാം. 2018-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആകെ 168 സി.എഫ്.എസ് ആണ് ഉണ്ടായിരുന്നത്. മാത്രമല്ല 2018-ന് ശേഷം ഇവയുടെ ബിസിനസ് വളരെ കുറയുകയാണെന്നും ഇപ്പോൾ അതിന് പകരം ഡയറക്ട് പോർട്ട് ഡെലിവറി (ഡി.പി.ഡി) സർവീസ് ആണ് കൂടുന്നതെന്നും അതിനാൽ സി.എഫ്.എസ് നടത്തുന്നവരെല്ലാം ജോലികൾ വെട്ടിക്കുറയ്ക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച് 2018 ജനുവരി 13-ന് ബിസിനസ് സ്റ്റാനഡേർഡ് എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നത് കാണുക (ഈ വാർത്ത കമന്റ് ലിങ്കിൽ വായിക്കാം). ഇതിലെ രസകരമായ കാര്യം മുംബായ് ജവഹർലാൽ നെഹ്രു പോർട്ട്, ചെന്നൈ, തൂത്തുക്കുടി, പോണ്ടിച്ചേരി എന്നീ നാല് വലിയ തുറമുഖങ്ങളിലായി സി.എഫ്.എസ് ബിസിനസ്സ് ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 2000 മാത്രം എന്നതാണ്. അപ്പോഴാണ് നമ്മുടെ മന്ത്രി വിഴിഞ്ഞത്ത് സി.എഫ്.എസ് വഴി മാത്രം 10000-ത്തോളം പേർക്ക് തൊഴിൽ കിട്ടുമെന്ന് പറയുന്നത്..
മന്ത്രിയോട് സ്വയം വിഢിവേഷം കെട്ടരുതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത് .