കേ.സി.ബി.സി.യുടെ കീഴിൽ കേരള കാത്തലിക് ബൈബിൾ സൊസൈറ്റി നടത്തുന്ന ലോഗോസ് ക്വിസ്സിന് തയ്യാറാകുന്നവര്‍ക്കായുള്ള മൊബൈൽ ആപ്പിന്‍റെ അഞ്ചാം വെര്‍ഷൻ തിരുവനന്തപുരം അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ നേറ്റോ പുറത്തിറക്കി. ലോഗോസ് ആപ്പിൽ കളിച്ചുകൊണ്ട് 2022 ലെ പാഠ ഭാഗങ്ങൾക്ക് ഉത്തരം നൽകി സമ്മാനം നേടാൻ കേരളം മുഴുവനുമുളളവർക്ക് അവസരമൊരുങ്ങുന്നു. 2022-ലെ വചന ഭാഗത്തെ ആസ്പദമാക്കിയുള്ള 1050 ചോദ്യങ്ങളാണ് മൊബൈൽ ആപ്പിലുള്ളത്. തിരുവനന്തപുരം അതിരൂപതയിലെ മീഡിയ കമ്മീഷനും അജപാലന ശുശ്രൂഷ സമിതിയും ചേർന്നാണ് ആപ്പ് പുറത്തിറക്കിയത്.
അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഡാർവിൻ പീറ്റർ, മീഡിയ കമ്മീഷൻ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ദീപക് ആന്റോ, ശ്രീ. ഷാജി ജോർജ്, ശ്രീ. ആൻസൺ ശ്രീ. പ്രദീപ് എന്നിവർക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ലോഗോസ് ആപ്പിൽ കളിച്ച് കൂടുതൽ പോയിന്റുകൾ കരസ്തമാക്കിയ മത്സരാർഥികളും ലോഞ്ചിങ്ങ് പരിപാടിയിൽ സന്നിഹിതരായിരുന്നു.
ഇന്നുമുതൽ ഒന്നാം ഘട്ടത്തിലെ ജോഷ്വായുടെ പുസ്തകത്തിൽ നിന്നുള്ള 300 ചോദ്യങ്ങൾക്ക് ഉത്തരം നൽകി കളിക്കാവുന്നതാണ്.
ആഗസ്റ്റ് 25 -ാം തിയ്യതി രണ്ടാം ഘട്ടം ആപ്പിൽ ലഭ്യമാകും. സെപ്റ്റംബർ 1 -ാം തിയ്യതി മൂന്നാം ഘട്ടവും സെപ്റ്റംബർ 15 -ാം തിയ്യതി നാലാം ഘട്ടവും, സെപ്റ്റംബർ 20,23 തിയ്യതികളിൽ ലോഗോസ് മോഡൽ പരീക്ഷയും
സെപ്റ്റംബർ 24–ാം തിയ്യതി രാത്രി 10 മണിക്ക് അന്തിമഫലവും ആപ്പിൽ ലഭ്യമാകും.
2017 -മുതല്‍ പുറത്തിറക്കാനാരംഭിച്ച ആപ്പിൽ ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് ലോഗോസ് ക്വിസ്സിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മത്സരിക്കുന്നത്.
ആദ്യശ്രമത്തിൽ തന്നെ കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് കൂടുതൽ പോയിൻറ് ലഭിക്കത്തക്ക രീതിയിലാണ് ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോഗോസ് ആപ്പ് അഞ്ചാം വേർഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ഇപ്പൊൾ ലഭ്യമാണ്.