പൗരോഹിത്യപാത പിന്തുടർന്ന് സമർപ്പിത ജീവിതം നയിക്കാൻ അതിരൂപതയ്ക്കിനി നാല് യുവാക്കൾ കൂടി. ഏറെ നാളത്തെ സ്വപ്ന സാക്ഷത്കാര നിമിഷത്തിലേക്ക് കടന്നിരിക്കുകയാണ് ഡീക്കൻ സുജിത് ജയദേവൻ, ഡീക്കൻ ജോർജ് ലിജോ,ബ്രദർ ജോയ് ആന്റണി,ബ്രദർ വിൻസെന്റ് കുമാർ, എന്നിവർ. ഇന്നലെ വൈകുന്നേരം പാളയം സെന്റ്. ജോസഫ് കത്തീഡ്രലിൽ അതിരൂപതാ അദ്ധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലി മദ്ധ്യേ ഡീക്കൻ സുജിത്തും, ഡീക്കൻ ജോർജ് ലിജോയും തിരുപ്പട്ടവും ബ്രദർ ജോയ് ആന്റണിയും ബ്രദർ വിൻസെന്റ് കുമാറും ശുശ്രൂഷ പട്ടവും സ്വീകരിച്ചു.
ഇരു പുരോഹിതരുടെയും ആപ്തവാക്യങ്ങൾ അവർ തിരഞ്ഞെടുത്ത പൗരോഹിത്യ ജീവിതവുമായി ഏറെ ചേർന്നു നിൽക്കുന്നുവെന്നും അവരിൽ നിക്ഷിപ്തമായിരിക്കുന്ന പൗരോഹിത്യ ധർമ്മം യഥാവിധി നിർവഹിക്കുവാനും ഇത് ഏറെ സഹായകമാവട്ടെയെന്ന് അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ പ്രസംഗമദ്ധ്യേ പറഞ്ഞു.
ഫാ.സുജിത് ജയദേവൻ ക്രിസ്തുരാജപുരം ഇടവകയിലെ ജയദേവന്റേയും മേരിയുടേയും രണ്ടു മക്കളിൽ മൂത്തയാളാണ്. “നീ ചെയ്യുന്നതെന്തും സ്നേഹത്തിൽ അധിഷ്ഠിതമായി ചെയ്യുകയെന്നതാണ്” ഫാ. സുജിത്ത് തിരഞ്ഞെടുത്തിരിക്കുന്ന പൗരോഹിത്യ ആപ്തവാക്യം. ഫാ.ജോർജ് ലിജോ ചെല്ലപ്പൻ ജോർജിന്റെയും ഹാരിയറ്റ് ജോർജിന്റെയും മൂന്ന് മക്കളിൽ രണ്ടാമാനും പാളയം ഇടവകാംഗവുമാണ്. ഫാ.ജോർജ് ലിജോയുടെ പൗരോഹിത്യ ആപ്തവാക്യം “അവനിലൂടെ അവൻ വഴി അവനിൽ ആയിരിക്കുക” എന്നാണ്.
ഡീക്കൻ ജോയ് ആന്റണി നീരോടി സ്വദേശികളായ രാജുവിന്റെയും സെൽവറാണിയുടെയും മൂന്ന് മക്കളിൽ ഇളയയാളാണ്. ഡീക്കൻ വിൻസെന്റ് കുമാർ കുമാർ ജോണിന്റെയും റോസമ്മയുടെയും മൂന്നു മക്കളിൽ ഒന്നാമനും മരിയനാട് ഇടവകാംഗവുമാണ്. ദൈവവിളിക്കായി സമർപ്പിതമായ ഈ ശുശ്രൂഷകരുടെ സന്തോഷ നിമിഷത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം അതിരൂപതയിലെ വൈദീക, സന്യസ്ത, അൽമായ പ്രതിനിധികളും പങ്കെടുത്തു.