തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വടക്കൻ തീരങ്ങളിൽ വലിയ തോതിൽ സംഭവിക്കുന്ന തീരശോഷണത്തിന് തുറമുഖ നിർമ്മാണം കാരണമല്ലെന്ന വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) എംഡി ദിവ്യ എസ് അയ്യരുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കെആർഎൽസിസി. ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം എന്നത് ദിവ്യ എസ് അയ്യർ വ്യക്തമാക്കണം.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഏകപക്ഷീയമായി ഡോ. എം.ഡി. കുദാലെ അദ്ധ്യക്ഷനായി ഒരു വിദഗ്ധ സമിതിയെ തീരശോഷണത്തിന്റെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും പഠിച്ച് കണ്ടെത്താനായി നിയോഗിച്ചിട്ടുണ്ട്. ഈ വിദഗ്ധസമിതി ഇതു സംബന്ധിച്ച പഠനം പൂർത്തിയാക്കുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തതായി അറിവില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വടക്കൻ തീരങ്ങളിൽ വലിയ തോതിൽ തീരശോഷണം സംഭവിച്ചു എന്നത് യാഥാർത്ഥ്യം തന്നെയാണ്. തുറമുഖ നിർമ്മാണമല്ലെങ്കിൽ ഇതിന്റെ യഥാർത്ഥ കാരണം വിസിൽ വ്യക്തമാക്കണമെന്ന് കെആർഎൽസിസി രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡും ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക അനുമതി തേടിക്കൊണ്ട് വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുന്നത് 2011ലാണ്. 2011 ജനുവരി മാസത്തിൽ ചേർന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റി തിരുവനന്തപുരം ജില്ലയിലെ കടൽത്തീരം തീവ്രമായ തീര ശോഷണം അനുഭവപ്പെടുന്ന മേഖലയാണെന്നു മിനിസ്ട്രി ഓഫ് സയൻസിന്റെ കീഴിലുള്ള ഐസി എംഎഎം എന്ന സ്ഥാപനം പഠനം നടത്തിയിട്ടുണ്ട് എന്ന് പരാമർശിക്കുന്നുണ്ട്. 2011 മെയ് 31 ചേർന്ന അപ്രൈസൽ കമ്മിറ്റി യോഗം തീരശോഷണം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്താൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് വിസിൽ എൽടിആറും ഇൻകോയിസും ചേർന്ന് പാരിസ്ഥിതിക പഠനം നടത്തുന്നത്. ഈ പഠന റിപ്പോർട്ടിലാണ് തിരുവനന്തപുരത്തെ തീരത്ത് തീരശോഷണം ഇല്ലെന്നും പൊതുവായ സ്വഭാവം തീരപോഷണം ആണെന്നും കണ്ടെത്തുന്നത്. എന്നാൽ തുറമുഖ നിർമ്മാണം ആരംഭിച്ചതിനു ശേഷം വടക്കൻ തീരങ്ങളിൽ വലിയ തോതിൽ തീര ശോഷണം സംഭവിക്കുകയും ശംഖുമുഖം തീരം ആപ്രത്യക്ഷമാകുകയും ചെയ്തത്. നൂറു കണക്കിന് മത്സ്യ തൊഴിലാളികൾക്ക് ഭവനം നഷ്ടമാകുകയും ഭൂരഹിതരായി തീരുകയും സിമന്റ് ഗോഡൗണുകളിൽ കഴിയേണ്ടി വന്നതും.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്തു കൊണ്ട് സമർപ്പിക്കപ്പെട്ട പരാതിയിയിൽ ദേശീയ ഹരിത ട്രിബ്യൂണൽ നല്കിയ അന്തിമവിധിയിൽ ഒരു വിദഗ്ദ സമിതിക്ക് രൂപം നല്കിയിട്ടുണ്ട്. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി ഈ സമിതിയുടെ മെമ്പർ സെക്രട്ടറിയും നോഡൽ ഒഫീസറും ആയിരിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്കീയിട്ടുള്ള പാരിസ്ഥിതിക അനുമതി, സിആർഇസഡ് അനുമതി, എൻജിറ്റിയുടെ ഉത്തരവ് എന്നിവയിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുവെന്ന് നിരീക്ഷിക്കുകയാണ് ഈ വിദഗ്ദ സമിതിയുടെ ചുമതല. ഓരോ ആറു മാസത്തിലും മെമ്പർ സെക്രട്ടറി ട്രിബ്യൂണലിന് റിപ്പോർട്ട് നല്കണം.
മറ്റൊരു പ്രധാനപ്പെട്ട വ്യവസ്ഥ പദ്ധതി പ്രദേശത്തെ തീര മേഖലയിലെ വ്യതിയാനം നിരന്തരം നിരീക്ഷിക്കുന്നതിന് കേരളത്തിലെ കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റി ഒരു സെല്ല് രൂപീകരിക്കുകയും പഠനം നടത്തുകയും ചെയ്യുക എന്നതാണ്. ആവശ്യമായ ചിലവുകൾ മുഴുവൻ പദ്ധതിയുടെ കരാറുകാർ വഹിക്കണം. മൂന്നുമാസത്തിലൊരിക്കൽ റിപ്പോർട്ട് വിദഗ്ധസമിതിക്ക് നൽകേണ്ടതാണ് വാർഷിക റിപ്പോർട്ട് തയ്യാറാക്കുകയും വിദഗ്ധ സമിതി പരിശോധിച്ച് പൊതുവിൽ പരസ്യപ്പെടുത്തുകയും വേണം. കേരള കോസ്റ്റൽ മാനേജ്മെൻറ് അതോറിറ്റി ഇത്തരത്തിൽ ഒരു സെൽ രൂപീകരിച്ച് പഠനം നടത്തുകയും നിർദ്ദേശിക്കപ്പെട്ട കാലയളവുകളിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അവ അവ പ്രസിദ്ധീകരിക്കാൻ വിസിൽ എംഡി ദിവ്യ എസ് അയ്യർ മുൻകൈയെടുക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.