തീരം പോയാൽ മാനവ സംസ്കൃതിക്കാണ് നഷ്ടമെന്ന് ജനങ്ങളെ ഓർമ്മപ്പെടുത്തി ചങ്ങനാശ്ശേരി സിറോ മലബാർ അദ്ധ്യക്ഷൻ റവ. ഡോ. തോമസ് തറയിൽ. വിഴിഞ്ഞം അതിജീവന സമരം അവരുടെ മാത്രം അതിജീവനത്തിനായുള്ളതല്ല. അത്, പരിസ്ഥിതിയുടെ അതിജീവനത്തിനും തീരങ്ങളുടെ നിലനിൽപ്പിനു വേണ്ടിയും സംസ്കാരങ്ങളുടെ നിലനിൽപ്പിനുമായുള്ളതാണ്. അതിനായാണ് മത്സ്യത്തൊഴിലാളികൾ പോരാടുന്നത്.
വിഴിഞ്ഞത്തെ ജനങ്ങളുടെ അതിജീവന സമരത്തെ അടിച്ചമർത്താൻ ആസൂത്രിതമായി സംഘടിപ്പിക്കുന്ന സംഘർഷം സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഇടയിൽ നുഴഞ്ഞുകയറി അവരുടെ ഇടയിൽ കലാപം സൃഷ്ടിച്ച് അവരുടെമേൽ തീവ്രവാദവും രാജ്യദ്രോഹവും ചുമത്താൻ തിരഞ്ഞെടുക്കപ്പെട്ട അധികാരികൾതന്നെ പരസ്പരം മത്സരിക്കുകയാണ്. കേന്ദ്രസേനയെ ഇറക്കി സമരത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സർക്കാരുകൾ പ്രളയത്തിൽ രക്ഷകരായവരെ ഒരു പ്രോജക്റ്റിന്റെ പേരിൽ തീവ്രവാദികളായി മുദ്രക്കുത്തുകയാണ്.
നീതിക്കായി പോരാടുന്ന അവരുടെ വേദന സ്വന്തമായി അനുഭവിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമ്മൾ ശിഷ്യത്വത്തിന്റെ പാതയിലല്ല സഞ്ചരിക്കുന്നതെന്ന് പറയേണ്ടിവരും. ലോകത്തിലെവിടെയുള്ള ജനങ്ങളും നീതിക്കുവേണ്ടി പോരാടി വേദനിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളും വേദനിക്കണം. അങ്ങനെ നീതിക്കായി പോരാടുന്ന ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നമ്മൾ തയ്യാറാവണം. ശിഷ്യത്വത്തിന്റെ പാത കുരിശിന്റെയും വെല്ലുവിളികളുടെയും പാതയാണ്. സുവിശേഷം ലോകത്തിനുവേണ്ടി കുരിശെടുക്കുവാനുള്ള ആഹ്വാനമാണ് നൽകുന്നത്.