ക്രൈസ്തവ സമൂഹങ്ങളിൽ മതബോധനരംഗത്ത് മികച്ചരീതിയിൽ പ്രവർത്തിക്കുന്ന അൽമായ പ്രേഷിതരെ ശുശ്രൂഷാപദവി നല്കി ഉയർത്തേണ്ടതാണെന്ന് പാപ്പാ ഫ്രാൻസിസ് പ്രസ്താവിച്ചു. മെയ് 11-ന് സഭയിൽ മതബോധനവും സുവിശേഷപ്രചാരണ ജോലിയും പൂർണ്ണമായും ഉൾക്കൊണ്ടു ജീവിക്കുന്ന അൽമായ സഹോദരങ്ങളെ സംബന്ധിച്ച് ഇറക്കിയ “പുരാതനമായ സഭാശുശ്രൂഷ” (Antiquum ministerium) എന്ന സ്വാധികാര അപ്പസ്തോലിക പ്രബോധനത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. അവർക്ക് ശുശ്രൂഷാപട്ടം നല്കി, അവരുടെ സമർപ്പണത്തെ അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും വേണമെന്ന് പാപ്പാ ഫ്രാൻസിസ് ഉദ്ബോധിപ്പിക്കുന്നു. അപ്പസ്തോലിക പാരമ്പര്യത്തിൽ സഭാസമൂഹത്തിലുള്ള എല്ലാത്തരം വ്യത്യസ്ത ശുശ്രൂഷകളെയും അംഗീകരിക്കുകയും ആദരിക്കുകയും വേണമെന്നും പ്രബോധനത്തിന്‍റെ ആമുഖത്തിൽ പാപ്പാ പ്രസ്താവിക്കുന്നുണ്ട്
രണ്ടു സഹസ്രാബ്ദങ്ങളായുള്ള മതബോധകരുടെ പ്രവർത്തനവും ചരിത്രവും പരിശോധിച്ചാൽ ആഗോളസഭയിൽ എവിടെയും മതബോധനം ഫലദായകമാണെന്നു കാണാമെന്നും പാപ്പാ കൂട്ടിചേർക്കുന്നു. അതിനാൽ വിശ്വാസം മനുഷ്യന്‍റെ അനുദിന ജീവിതത്തിൽ പിൻബലമാകേണ്ടതിന് സഭാജീവിതത്തിൽ മതബോധകരായി മെത്രാന്മാർക്കും വൈദികർക്കും സന്ന്യസ്തർക്കുമൊപ്പം പ്രവർത്തിക്കുന്ന നിരവധി സ്ത്രീപുരുഷന്മാരായ സഭാശുശ്രൂഷകരെ അംഗീകരിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ സമർത്ഥിച്ചു.
@ വത്തിക്കാൻ ന്യുസ്, ഫാദർ വില്യം നെല്ലിക്കൽ