തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി മലയാള പുസ്തകത്തിൻ്റെ കവർ കടലിന്റെ അടിത്തട്ടിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. തെക്കൻ തിരുവിതാംകൂറിലെ തീരദേശ ഗ്രാമങ്ങളുടെ ഭാഷയും സംസ്ക്കാരവും ജീവിത സമരങ്ങളും കടൽപ്പോരാട്ടങ്ങളും ഉൾക്കൊള്ളുന്ന ഫാ. പോൾ സണ്ണിയുടെ ‘സ്രാവിന്റെ ചിറകുള്ള പെണ്ണ്’ കാവ്യസമാഹാരമാണ് വിഴിഞ്ഞം ഹാർബറിൽ പ്രകാശനം ചെയ്തത്. ആഴക്കടൽ ഗവേഷകയും തീരദേശത്തുനിന്നുള്ള ആദ്യ വനിത സ്കൂബ ഡൈവറുമായ അനീഷ അനി ബെനഡിക്റ്റിന് കവി ഡി. അനിൽകുമാർ ആദ്യ കോപ്പി നല്കി പ്രകാശനം ചെയ്തു. കടൽ ജീവിതത്തിന്റെ സംസ്കാരമുള്ള കവിതകളാണ് പോൾ സണ്ണിയുടേത് എന്ന് ഡി.അനിൽകുമാർ പറഞ്ഞു. നെയ്തൽ തിണയുടെ ആദിമമായ സൗന്ദര്യശാസ്ത്രത്തെ തുഴത്തണ്ടു കൊണ്ട് വരച്ച് കടലിന്റേതായ കാവ്യ ഭൂപടം സൃഷ്ടിച്ചിരിക്കുകയാണ് ഫാ. പോൾ. തീരദേശത്തിന്റെ തനതു പ്രാദേശിക ഭാഷാമൊഴികളെ കവിതയിലൂടെ കേരളത്തിന്റെ സാഹിത്യധാരയിൽ ചേർക്കുന്നതിൽ രചയിതാവ് വലിയ സംഭാവന നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ സ്കൂബ ഡൈവിങ് കൂട്ടായ്മ ഓഷ്യണട്ട് അഡ്വഞ്ചേഴ്സ്, അജിത് ശംഖുമുഖം തുടങ്ങിയവർ ആണ് കടലിനടിയിലെ പുസ്തകപ്രകാശനത്തിന് സഹായമൊരുക്കുന്നത്. പരമ്പരാഗത സ്രാവുവേട്ടക്കാർ, കടലാഴങ്ങളുടെ രൂപങ്ങൾ, പാര്, കവര്, മീൻകാരികൾ, ചുഴികൾ, മതബോധങ്ങൾ, ഒപ്പാരി ചിന്തുകൾ, തീരത്തിന്റെ വറുതികൾ തുടങ്ങിയ വിഷയങ്ങൾ കടൽക്കലിയുടെ പരുഷതയോടും ആത്മവിമർശനത്തോടും കൂടെ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. അനീഷയുടെ സ്കൂബാ ഡൈവിങ് ആണ് ‘തീ സ്രാവിന്റെ ചിറകുള്ള പെണ്ണ്’ എന്ന കവിതയ്ക്ക് ആസ്പദം.
അജിത് ശംഖുമുഖം, അശോക് സണ്ണി, ഗോപകുമാർ മാതൃക, പി.ആർ. അഗാഷ്, സാജു യോഹന്നാൻ, സുമേഷ്, ജോസ് മാത്യു എന്നിവർ പങ്കെടുത്തു. മാതൃഭൂമി ബുക്സാണ് പ്രസാധകർ.