ചൂഷണങ്ങളിൽ അകപ്പെടാതിരിക്കാനും മോഹന വാഗ്ദാനങ്ങളിൽ ആകൃഷ്‌ടരാകാതിരിക്കാനും നിശ്ചയദാർഢ്യത്തോടെ അവകാശങ്ങൾക്കായി പോരാടുവാനുള്ള ഉദ്ബോധനമാണ് ഈ ദിവസങ്ങളിൽ തീരജനതയ്ക്ക് ജനബോധന യാത്രയിലൂടെ ലഭിച്ചതെന്ന് ആർച്ച് ബിഷപ്പ് എമെറിറ്റസ് മോസ്റ്റ് റവ. ഡോ. സുസപാക്യം. സെപ്റ്റംബർ 14ന് മൂലം പള്ളിയിൽ നിന്ന് ആരംഭിച്ച ജനബോധന യാത്ര വിഴിഞ്ഞത്തെ മത്സ്യബന്ധന ഹാർബറിൽ എത്തിയശേഷമുള്ള ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പത്തിന്റെ ബാഹുല്യത്തിലും സ്വാധീനത്തിന്റെ ശക്തിയിലും ആഗോളതലത്തിൽ തന്നെ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നിൽക്കുന്ന വൻകിട കോർപ്പറേറ്റുകളെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. വേണ്ടിവന്നാൽ നിമിഷനേരം കൊണ്ട് നമ്മെയെല്ലാം പിച്ചിച്ചീന്തി നാമാവശേഷമാക്കാൻ കഴിവുണ്ടെന്ന് കരുതുന്ന അധികാര കേന്ദ്രങ്ങളും ഇവരോടൊപ്പമുണ്ട്. എന്നാൽ തീരദേശ ജനതയുടെ ഈ സമരം ഒരു ധർമ്മസമരമാണ്. ഇതിനകം തന്നെ ഒത്തിരി ത്യാഗം സഹിച്ചും നീതിക്കുവേണ്ടി ഒത്തൊരുമിക്കാൻ നമുക്ക് സാധിച്ചു. വിവിധ സഹോദര സഭകളെയും സമുദായങ്ങളെയും ചേർത്തണച്ച് വിശപ്പും ദാഹവും സഹിച്ച് നാം ഈ ധർമ്മ സമരം വിജയിപ്പിക്കുമെന്ന് വലിയ ഇടയൻ ബഹുജന റാലിയിൽ അണിനിരന്ന ജനങ്ങളോട് പറഞ്ഞു.