തീര സംരക്ഷണത്തിനായി കെ ആർ എൽ സി ബി സി-യുടെ നേതൃത്വത്തിൽ ആരംഭിച്ച ജനബോധന യാത്ര വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖത്തെത്തി. വിഴിഞ്ഞം തുറമുഖത്തെ സമരപന്തലിലേക്കുള്ള ബഹുജന മാർച്ച് അഭിവന്ദ്യ സൂസപാക്യം പിതാവ് ഫ്ലാഗ് ഓഫ് ചെയ്തു. വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖത്തു നിന്നാരംഭിച്ച ബഹുജന മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.
തിരുവനന്തപുരത്തെ തീരശോഷണം നേരിടുന്ന ഗ്രാമങ്ങളായ അഞ്ചുതെങ്ങ്, പെരുമാതുറ, മരിയനാട്, തുമ്പ, വെട്ടുകാട്,വലിയതുറ,ഭീമാപള്ളി, പൂന്തുറ തീരദേശങ്ങളിലൂടെ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ്, വല്ലാർപാടം കണ്ടെയിനർ പദ്ധതിക്കായി മോഹനവാഗ്ദാനം നൽകി കുടിയിറക്കപ്പെട്ട് ഇന്നും തെരുവിൽ അലയേണ്ടിവരുന്ന മൂലമ്പിള്ളി തീരനിവാസികളിൽ നിന്നാരംഭിച്ച യാത്ര അതിജീവന ഭീഷണി ഉയർത്തുന്ന വിഴിഞ്ഞം തീരദേശത്തെത്തിയത്.
തുറമുഖ നിർമാണത്തിന്റെ ദൂഷ്യഫലമായി ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് എത്രയും വേഗം അവരുടെ അവകാശങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് മൂലമ്പിള്ളിയിൽ നിന്നുള്ള ബഹുജന റാലി, ജനബോധന യാത്രയെന്ന പേരിൽ കഴിഞ്ഞ 14 ന് ആരംഭിച്ചത്.