ജനങ്ങൾ ഒറ്റക്കെട്ടായി പൊരുതിയാൽ ഉറപ്പായും വിജയം കൈവരിക്കുമെന്ന് പ്രശസ്ത അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. വിഴിഞ്ഞത്തെ ബഹുജന റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം പദ്ധതി ഉപേക്ഷിക്കും എന്നും അദാനി നാട് വിടുമെന്നും സർക്കാർ ഈ പദ്ധതി നടത്തിവച്ചുകൊണ്ടുള്ള തീരുമാനം ഉടനടി കൈക്കൊള്ളുമെന്നും തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 8 വർഷങ്ങളായി തുടർച്ചയായി തിരുവനന്തപുരത്ത് വരികയും ഇവിടെയുള്ള മത്സ്യത്തൊഴിലാളികളുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ തീരശോഷണം കാരണം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഞാനും സാക്ഷിയാണ്. അദാനിയുടെ സമ്പത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി ആയിരക്കണക്കിന് മടങ്ങാണ് വർദ്ധിച്ചത്. എല്ലാ ഭരണകർത്താക്കളും അദാനിയുടെ സമ്പത്ത് വർദ്ധിപ്പിക്കാൻ മത്സരിക്കുകയാണ്. ഈ തുറമുഖം അദാനിയുടെ സമ്പത്ത് വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളതാണ്.
തുറമുഖ നിർമ്മാണം ആരംഭിക്കുന്നതിനായുള്ള ആലോചനകളും പഠനങ്ങളും നടക്കുന്ന സമയത്ത് ഇന്ത്യയിലെ വിദഗ്ധ ശാസ്ത്രജ്ഞന്മാർ ഈ തുറമുഖ നിർമ്മാണം കൊണ്ട് പ്രദേശത്ത് പ്രാദേശിക പാരിസ്ഥിതികമായ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നും തീരെ ശോഷണം ഉണ്ടാവില്ല എന്നുമുള്ള കള്ളത്തരം നിറഞ്ഞ റിപ്പോർട്ടുകൾ അധികാരികൾക്കും അദാനി കമ്പനികൾക്കും ട്രൈബ്യൂണൽ കോടതികൾക്കും നൽകിയതിൽ ഇന്ത്യയിലെ ശാസ്ത്ര സമൂഹം ഒന്നടങ്കം ലജ്ജിക്കണം. ഇപ്പോഴും കൺമുന്നിൽ തീരശോഷണം നടന്നിട്ടും നൂറുകണക്കിന് കുടുംബങ്ങൾ ഇല്ലാതായിട്ടും ശാസ്ത്രജ്ഞന്മാർ ഈ റിപ്പോർട്ടിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നത് വേദനാജനകമാണ്.
ഈ വേദിയിലും സദസ്സിലും ഉള്ള മഹാജനങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ജനകീയ സമരങ്ങൾക്ക് മുൻപിൽ കീഴടങ്ങാത്ത ഒരു അധികാര കേന്ദ്രവുമില്ല. അതുകൊണ്ട് ജനങ്ങൾ ഒന്നിച്ചു നിൽക്കുകയും പോരാടുകയും ചെയ്താൽ നമ്മുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയും ഈ പദ്ധതി ഉപേക്ഷിക്കുകയും തീരത്തെ പരിസ്ഥിതിയെ സംരക്ഷിക്കുകയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുമെന്ന് ഞാൻ ഉറച്ചു പറയുന്നു. നിങ്ങൾക്കൊപ്പം ഈ പോരാട്ടത്തിൽ ഞാനും ഉണ്ടാകും നിങ്ങളിൽ ഒരാളായി, അദ്ദേഹം പറഞ്ഞു.