തുമ്പ: അതിരൂപതാതല വിശ്വാസ പരിശീലന (മതബോധന) ക്ലാസിന്റെ പ്രവേശനോത്സവം തുമ്പ വിശുദ്ധ സ്നാപകയോഹന്നാൻ ദേവാലയത്തിൽ നടന്നു. ഇന്ന് രാവിലെ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലി മധ്യേയാണ് ഈ വർഷത്തെ വിശ്വാസ പരിശീലന ക്ലാസിന് തിരിതെളിഞ്ഞത്. മുഖ്യകാർമികനായ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിനെ വിദ്യാർഥികൾ വിശുദ്ധരുടെ ചിത്രങ്ങളും തിരുവചനങ്ങളും ആലേഖനം ചെയ്ത പ്ലകാർഡുകൾ ഉയർത്തി സ്വീകരിച്ചു.
ജീവിതത്തിൽ മറ്റൊന്നിനും തരാൻ കഴിയാത്ത സന്തോഷവും സമാധാനവും ലഭിക്കുന്നത് ക്രിസ്തുവിനെ സ്വന്തമാക്കുമ്പോഴാണെന്ന് തന്റെ വചന സന്ദേശത്തിൽ അഭിവന്ദ്യ പിതാവ് പറഞ്ഞു. വിശ്വാസ പരിശീലന ക്ലാസിലൂടെ നമ്മുടെ കുട്ടികൾക്ക് ക്രിസ്തുവിനെ സ്വന്തമാക്കുവാനും അവനിൽ വസിക്കുവാനും സാധിക്കണമെന്നും പിതാവ് ഓർമ്മിപ്പിച്ചു.
ദൈവവിശ്വാസത്തിൽ ആഴപ്പെടാനുതകുന്ന മതബോധന ക്ലാസിന് തുടക്കംകുറിച്ച പരിപാവനമായ ദിനത്തിൽ ദൈവവിളിക്ക് പ്രചോദനമേകുന്ന “ഹിതം” എന്ന സംഗീതാവിഷ്കാരം ഇന്ന് ക്രിസ്തുദാസ് പിതാവ് പ്രകാശനം ചെയ്തു. അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെയും സംഗീതാവിഷ്ക്കാരത്തിന്റെയും അവതരണം തിരുവനന്തപുരം മീഡിയ കമ്മിഷനാണ്. രചനയും സാക്ഷാത്കാരവും നിർവഹിച്ചിരിക്കുന്നത് ശ്രീ. ലോറൻസ് ഫെർണാണ്ടസ്. സംഗീതം നല്കിയിരിക്കുന്നത് ശ്രീ. മനീഷ് മത്തിയാസ്. ഈ സംഗീതാവിഷ്കാരത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ക്രിസ്തുദാസ് പിതാവ് അഭിനന്ദിച്ചു. തുടർന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന കുരുന്നുകൾക്ക് അഭിവന്ദ്യ പിതാവ് ആദ്യാക്ഷരം എഴുതിച്ചു.