കഴക്കൂട്ടം: ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് പടിക്കെട്ടുകളും ചരിഞ്ഞ പ്രദേശങ്ങളും പരസഹായം ഇല്ലാതെ കയറാന്‍ സഹായിക്കുന്ന ഉപകരണത്തിന് കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം അതിരൂപതയുടെ മരിയൻ എഞ്ചിനീയറിംഗ് കോളേജിന് പേറ്റന്റ് ലഭിച്ചു. ഫുട്ബോൾ കളിക്കുന്നതിനിടെ അപകടം സംഭവിച്ച് ലിഗമെന്റ് ഫ്രാക്ചർ വന്ന ഒരു വിദ്യാർത്ഥിക്ക് മുകളിലത്തെ നിലയിലുള്ള തന്റെ പഠനമുറിയിൽ ആയാസരഹിതമായി എങ്ങനെ എത്താമെന്ന ചിന്തയാണ് ഈ കണ്ടുപിടിത്തത്തിനു വഴി തെളിച്ചത്. ഈ പുതിയ വാക്കർ ഉപയോഗിച്ചാൽ പരസഹായം ഇല്ലാതെ ചരിഞ്ഞതും നിരപല്ലാത്തതുമായ പ്രദേശങ്ങൾ എളുപ്പത്തിൽ കയറാൻ സാധിക്കും. അനേകം രോഗികൾക്ക് ആശ്വാസകരം ആകാവുന്ന ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് മരിയൻ എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ആകാശ്, ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസർ ആയ ഡോ. മനോജ് മുരളീധരൻ, മെക്കാനിക്കൽ വിഭാഗം അധ്യാപകനായ മനീഷ് ടി. എന്നിവരാണ്.