വലിയതോപ്പ്: ജീവകാരുണ്യമേഖലയിൽ നിരവധി കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കികൊണ്ടിരിക്കുന്ന സൊസൈറ്റി ഓഫ് വിൻസന്റ് ഡി. പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്റെ 52-ാം വാർഷികാഘോഷം നടന്നു. ഒക്ടോബർ 12 ശനിയാഴ്ച വലിയതോപ്പ് സെന്റ്. ആൻസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷപരിപാടി അതിരൂപത സഹായമെത്രാൻ ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അതിരൂപതയിലെ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും കരുതലിന്റെയും സ്നേഹത്തിന്റെയും മുഖമുദ്രയാണ് സെയിന്റ് വിൻസന്റ് ഡി. പോൾ സൊസൈറ്റിയെന്ന് ബിഷപ് ക്രിസ്തുദാസ് പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ കൗൺസിലിന് കീഴിൽ ആഴാകുളത്ത് പുരുഷന്മാരാക്കായി പ്രവർത്തിക്കുന്ന കാരുണ്യ ഭവൻ വൃദ്ധസദനത്തിന്റെ പ്രവർത്തനങ്ങളെ ബിഷപ് അഭിനന്ദിച്ചു. സ്ത്രീകൾക്കായി ഒരുങ്ങുന്ന സ്നേഹഭവന്റെ പൂർത്തീകരണം എത്രയും വേഗത്തിലാകാൻ തന്റെ പ്രാർത്ഥനകളും അദ്ദേഹം വഗ്ദാനം ചെയ്തു. സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം സെൻട്രൽ കൗൺസിൽ സെക്രട്ടറി ബ്രദർ ലോറൻസ് റ്റി. ജെ വാർഷിക റിപ്പോർട്ടും ട്രഷറർ ബ്രദർ ബർക്കുമാൻസ് വാർഷിക കണക്കവതരണവും നടത്തി. കെ.ആർ.എൽ.സി.സി കോ-ഓർഡിനേറ്റർ ബ്രദർ തോമസ് പുലിക്കോട്ടിൽ മുഖ്യപ്രഭാഷണവും ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. ജോസഫ് ബാസ്റ്റിൻ അനുഗ്രഹപ്രാഭാഷണവും നടത്തി. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, ഫാ. ക്രിസ്റ്റിൽ റൊസാരിയോ, സിസ്റ്റർ ജസീന്ത പുത്തൻ പുരയ്ക്കൽ എന്നിവർ സംസാരിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് രോഗികൾക്കുള്ള ചികിത്സാസഹായ വിതരണവും, USA സ്പെഷ്യൽ എയ്ഡ് വിതരണവും, ഔർ ലേഡീ ഓഫ് ഗുഡ് ഡെത്ത് കോൺഫറൻസിന്റെ സഹായ വിതരണവും നടന്നു.




