ഏപ്രിൽ 28 മുതൽ 30 വരെ യൂറോപ്യൻ രാജ്യമായ ഹംഗറിയിലേക്ക് അപ്പോസ്ഥലിക യാത്ര നടത്താനൊരുങ്ങി ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി ആണ് ഈ വാർത്ത പുറത്തുവിട്ടത്. രാജ്യത്തിന്റെ തലസ്ഥാനമായ ബുദാപെസ്റ്റിൽ വച്ചായിരിക്കും പാപ്പയുടെ കൂടിക്കാഴ്ചകളും മറ്റും നടക്കുക.
തന്റെ മൂന്നു ദിവസത്തെ യാത്രയിൽ അഭയാർത്ഥികളെയും പാവപ്പെട്ടവരെയും വാഴ്ത്തപ്പെട്ട ലാസ്ലോ ബാത്യാനി-സ്ട്രാറ്റ്മാൻ സ്ഥാപനത്തിലെ കുട്ടികളെയും പാപ്പ സന്ദർശിക്കും. പതിവുപോലെ പാപ്പ അധികാരികളെയും സിവിൽ സമൂഹത്തെയും നയതന്ത്രജ്ഞനെയും അഭിസംബോധന ചെയ്യും. യുവജനങ്ങൾ,മെത്രാന്മാർ, വൈദികർ,ഡീക്കന്മാർ, സമർപ്പിതർ, സെമിനാരി വിദ്യാർഥികൾ, അജപാലന പ്രവർത്തകർ, അക്കാദമിക, സാംസ്കാരിക ലോകത്തെ പ്രതിനിധികൾ എന്നിവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.
ഹംഗേറിയക്കാരിൽ പകുതിയിലധികവും ക്രൈസ്തവരാണ്. ജനസംഖ്യയുടെ 37% എങ്കിലും കത്തോലിക്കരുമാണ്. ഉക്രൈനിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഏകദേശം ഒരു ദശലക്ഷം ഉക്രൈനിയൻ പൗരന്മാർ ഹംഗറിയിലൂടെ അഭയാർത്ഥികളായി യാത്ര ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക സ്രോതസ്സുകൾ പറയുന്നു.