സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നിക്ക് സമീപം വേക്‌ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ പ്രസംഗിക്കുന്നതിനിടെ ക്രിസ്ത്യൻ ബിഷപ്പ് മാർ മാറി ഇമ്മാനുവലിന് നേരേ വധശ്രമം. ഒന്നിലധികം തവണ ബിഷപ്പിന് കുത്തേറ്റു. അക്രമി ദേവാലയത്തിനകത്തേക്ക് നടന്ന് വന്ന് ബിഷപ്പിനെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സിഡ്‌നിയിലെ ഷോപ്പിംഗ് മാളിൽ ആറ് പേർ കുത്തേറ്റ് മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ ദാരുണ സംഭവം.
ഒരു മനുഷ്യൻ അടുത്തേക്ക് നടന്ന് വരുമ്പോൾ ബിഷപ്പ് അയാളോട് ശാന്തനായി സംസാരിക്കുന്നത് ദൃശ്യങ്ങൾ കാണാം. പിന്നാലെ അയാൾ ബിഷപ്പിന്റെ കഴുത്തിലും മുഖത്തും ആഞ്ഞ് കുത്തി. ദേവാലയത്തിലുണ്ടായിരുന്നവർ നിലവിളിച്ചുകൊണ്ട് ബിഷപ്പിന് സമീപത്തേക്ക് ഓടി. കത്തികുത്തിനിടെ ഓടികൂടിയവർക്കും പരിക്ക് സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തിങ്കളാഴ്ച രാത്രി 7.15 ഓടെയാണ് ദാരുണ സംഭവം. 50 വയസ് പ്രായമുള്ള ഒരാളെ ഒന്നിലധികം കുത്തുകളോടെ ലിവർപൂൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വക്താവ് അറിയിച്ചു. പൗരസ്ത്യ സിറിയൻ സഭയുടെ ഓസ്ട്രേലിയയിലെയും ന്യൂസിലാൻഡിലെയും മെത്രാനാണ് ബിഷപ്പ് മാർ മാറി ഇമ്മാനുവൽ. സ്വവർഗ വിവാഹം, ഭ്രൂണഹത്യ, നിരീശ്വരവാദം എന്നീ വിഷയങ്ങളിലെല്ലാം വളരെ കടുത്ത യാഥാസ്ഥിതിക നിലപാടുകൾ ബിഷപ്പ് എടുത്തിരുന്നു. ബിഷപ്പിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.