ക്രിസ്തുവർഷം 1903 ആഗസ്റ്റ് നാലു മുതൽ 1914 ആഗസ്റ്റ് 20 വരെയുള്ള കാലയളവിൽ സഭയെ നയിച്ച പാപ്പയാണ് വി. പിയൂസ് പത്താമൻ. ഇറ്റലിയുടെ വടക്കുഭാഗത്തുള്ള റീസെ പട്ടണത്തിൽ ജൊവാന്നി – മാർഗറീത്ത ദമ്പതികളുടെ മകനായി എ.ഡി. 1835 ജൂൺ 2-ന് ജുസേപ്പെ മെൽക്കിയോറെ സാർത്തോ ജനിച്ചു (ഇന്ന് ഈ പട്ടണം പിയൂസ് പത്താമൻ പാപ്പയുടെ പേരുംകൂടി ചേർത്താണ് അറിയപ്പെടുന്നത്).
വലിയ കുസൃതിക്കാരനും അതേസമയം തീക്ഷ്ണമതിയുമായിരുന്ന ജുസേപ്പെയെ അധ്യാപകർ എപ്പോഴും വടികാണിച്ചു പേടിപ്പിച്ചാണ് ക്ലാസ്സിൽ അടക്കിയിരുത്തിയിരുന്നത്. എന്നിരുന്നാലും പഠനവും പ്രാർഥനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവൻ എപ്പോഴും ഒന്നാമനായിരുന്നു. സ്‌കൂളിൽ എല്ലാ ദിവസവും നാലു കിലോമീറ്റർ നടന്നുപോയിരുന്ന ജുസേപ്പെ അതിനുമുമ്പായി വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും അൾത്താരബാലനായി ദേവാലയത്തിൽ സഹായിക്കുകയും ചെയ്തിരുന്നു. കാലിൽ ധരിച്ചിരുന്ന ഷൂസ് കൂടുതൽ കാലം നിലനിൽക്കുന്നതിനുവേണ്ടി അത് കൈയിലെടുത്തുകൊണ്ട് നടന്നുപോയ അവനെ കൂട്ടുകാർ കളിയാക്കിയിരുന്നു. ജുസേപ്പെയുടെ പഴകിയ വസ്ത്രത്തെക്കുറിച്ചും നാമമാത്രമായ ഉച്ചഭക്ഷണത്തെക്കുറിച്ചുമൊക്കെ മറ്റുള്ള കുട്ടികൾ അടക്കംപറഞ്ഞപ്പോഴും അവൻ ഒരിക്കലും പരാതിപ്പെട്ടിരുന്നില്ല.
പഠനത്തിൽ മിടുക്കനായ ജുസേപ്പെയ്ക്ക് ത്രവീസോ രൂപതയിലെ മെത്രാൻ പാദുവായിൽ സാഹിത്യവും തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുന്നതിനായി സ്കോളർഷിപ്പ് നല്കി. എ.ഡി. 1858 സെപ്റ്റംബർ 18-ന് ‘പാവങ്ങളുടെ ബിഷപ്പ്’ എന്നറിയപ്പെട്ടിരുന്ന ജൊവാന്നി അന്തോണിയോ ഫാരിന (ഫ്രാൻസിസ് മാർപാപ്പ 2014-ൽ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു) ജുസേപ്പെയെ ഒരു വൈദികനായി അഭിഷേകം ചെയ്തു.
വൈദികവൃത്തിയിലെ ആദ്യകാലങ്ങളിൽത്തന്നെ അദ്ദേഹത്തിന് ജനങ്ങൾ നൽകിയ വിളിപ്പേരായിരുന്നു ‘ഡോൺ സാന്തോ’ (വിശുദ്ധനായ വൈദികൻ). വിവിധ ഇടവകകളിൽ സഹായിയായി സേവനം ചെയ്തതിനുശേഷം ത്രവീസോ സെമിനാരിയുടെ റെക്ടറായി അദ്ദേഹം നിയമിതനായി. ഇതിനുശേഷം കുറേനാൾ രൂപതയുടെ ചാൻസലർ ആയും ജുസേപ്പെ സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ ഗവണ്മെന്റ് സ്‌കൂളുകളിൽ പഠിക്കുന്ന കത്തോലിക്കാ വിദ്യാർഥികൾക്ക് വേദപാഠക്ലാസ്സുകൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ അദ്ദേഹം തയാറാക്കി. വലിയ തിരക്കുണ്ടായിരുന്ന സമയത്തും ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുമായി ജുസേപ്പേ ഗ്രാമത്തിലൂടെ വൈകുന്നേരം നടക്കാൻപോകുന്നത് ആളുകൾക്ക് ആനന്ദം നൽകുന്ന കാഴ്ചയായിരുന്നു.
എ.ഡി. 1880 മുതൽ രൂപതാ സെമിനാരിയിൽ സഭാപ്രബോധനങ്ങളും ധാർമ്മിക ദൈവശാസ്ത്രവും പഠിപ്പിച്ച ജുസേപ്പേയെ 1884-ൽ മാന്തുവാ രൂപതയുടെ ബിഷപ്പായി പാപ്പ നിയമിച്ചു. റോമിൽ വച്ച് മെത്രാനായി അഭിഷിക്തനായ ജുസേപ്പേ, അതിനുശേഷം തന്റെ അമ്മയെ സന്ദർശിക്കാനായിട്ടാണ് ആദ്യം പോയത്. അപ്പോൾ മകന്റെ മോതിരം ചുംബിച്ചുകൊണ്ട് അമ്മ പറഞ്ഞു: “എന്റെ വിരലിലുള്ള ഈ വിവാഹമോതിരം ഇല്ലായിരുന്നെങ്കിൽ നിനക്ക് ഈ മോതിരം ഉണ്ടാവുമായിരുന്നില്ല.” ലിയോ പതിമൂന്നാമൻ പാപ്പ എ.ഡി. 1893 ജൂൺ 12-ന് ജുസേപ്പയെ കർദിനാളായും വെനീസിലെ പാത്രിയർക്കീസായും നിയമിച്ചു. വെനീസിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ ആത്മീയ – സാമൂഹിക കാര്യങ്ങളിൽ മാത്രം ഇടപെടുക എന്ന നയമായിരുന്നു കർദിനാൾ ജുസേപ്പെ സ്വീകരിച്ചത്.
എ.ഡി. 1903 ജൂലൈ 20-ന് ലിയോ പതിമൂന്നാമൻ പാപ്പ കാലംചെയ്തപ്പോൾ അന്നത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മരിയാനൊ റാംപോള പാപ്പ ആകുന്നതിന് ഭൂരിപക്ഷ വോട്ടുകൾ നേടിയപ്പോൾ ഓസ്ട്രിയ – ഹംഗറി ചക്രവർത്തി ഫ്രാൻസ് ജോസഫ് പോളണ്ടിലെ ക്രാക്കോവിലെ കർദിനാളായിരുന്ന ജാൻ പുസ്നയിലൂടെ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അസാധുവാക്കി. ചക്രവർത്തിയെ മറികടന്നും മരിയാനൊയെ തിരഞ്ഞെടുക്കണമെന്ന് പലരും വാദിച്ചെങ്കിലും അടുത്ത വോട്ടെടുപ്പിൽ കർദിനാൾ ജുസേപ്പെ ഭൂരിപക്ഷം നേടി പാപ്പയായി. എന്നാൽ കർദിനാൾ ജുസേപ്പെ സ്ഥാനം നിരസിക്കുകയും ബാഹ്യഇടപെടലുകൾ ഒരിക്കലും അനുവദിക്കരുതെന്ന് വാദിക്കുകയും ചെയ്തു. ദീർഘനേരത്തെ പ്രാർഥനയ്ക്കും കർദിനാളന്മാരുടെ നിർബന്ധത്തിനുംവഴങ്ങി അദ്ദേഹം പിയൂസ് പത്താമൻ എന്ന പുതിയ നാമത്തോടെ പാപ്പയായി അവരോധിക്കപ്പെട്ടു (ഫ്രാൻസിസ് പാപ്പയ്ക്കു മുമ്പ് ദൈവശാസ്ത്രവിഷയത്തിൽ ഡോക്ടർ ബിരുദം ഇല്ലാതിരുന്ന അവസാനത്തെ മാർപാപ്പയാണ് പിയൂസ് പത്താമൻ).
പാപ്പ ആയ ഉടൻതന്നെ തന്റെ ലക്ഷ്യമായി അദ്ദേഹം പറഞ്ഞത്, “ക്രിസ്തുവിൽ എല്ലാ കാര്യങ്ങളും പുനർനിർമ്മിക്കുക” എന്നതാണ്. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ലാളിത്യം ഭരണത്തിന്റെ തുടക്കം മുതൽ പ്രകടമായിരുന്നു. അനാവശ്യ ആഘോഷങ്ങൾ എല്ലാംതന്നെ പാപ്പ നിർത്തലാക്കി. അതുപോലെ പാപ്പമാർ ഒറ്റയ്ക്കിരുന്നു ഭക്ഷണംകഴിക്കുന്ന പതിവു മാറ്റി മറ്റുള്ളവരെ അതിഥികളായി ക്ഷണിക്കാൻതുടങ്ങി. റോമിൽ വസിച്ചിരുന്ന തന്റെ മൂന്ന് സഹോദരിമാരെ പ്രഭ്വികളായി പ്രഖ്യാപിക്കാൻ റോമിലെ രാഷ്ട്രീയനേതൃത്വം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: “ഞാൻ അവരെ പാപ്പയുടെ സഹോദരിമാരായി പ്രഖ്യാപിച്ചിരിക്കുന്നു. അതിൽ കൂടുതൽ അവർക്കുവേണ്ടി ഞാൻ എന്ത് ചെയ്യാനാണ്.”
പിയൂസ് പത്താമൻ പാപ്പയ്ക്ക് കുട്ടികളോട് വലിയ സ്നേഹമായിരുന്നു. ബിഷപ്പായിരുന്ന കാലം മുതലേ തന്റെ കീശയിൽ മിഠായി കൊണ്ടുനടക്കുകയും അത് കുട്ടികളുമായി പങ്കുവയ്ക്കുമ്പോൾ കഥകൾ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. പേപ്പൽ ഓഡിയൻസ് നടക്കുമ്പോൾ കുട്ടികളെയെല്ലാം തന്റെ അരികിലേക്ക് വിളിച്ചുവരുത്തി അവരോട് കഥകളിലൂടെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന രീതിയും അദ്ദേഹം ആരംഭിച്ചു. ബിഷപ്പായിരുന്നപ്പോൾ ഉണ്ടായിരുന്ന തന്റെ കറുത്ത കുപ്പായം വെള്ള ആയെന്ന വ്യത്യാസം മാത്രമേ ജീവിതശൈലിയിൽ ഉണ്ടാകാവൂ എന്ന നിർബന്ധബുദ്ധിക്കാരനായിരുന്നു പിയൂസ് പത്താമൻ പാപ്പ. എന്നാൽ തന്റെ പേനയിലെ മഷി വെള്ളക്കുപ്പായത്തിൽ തുടയ്ക്കുന്ന പതിവ് തുടർന്നപ്പോൾ, കൂടെയുണ്ടായിരുന്നവർക്ക് അങ്ങനെ ചെയ്യരുതെന്ന് എപ്പോഴും ഓർമ്മിപ്പിക്കേണ്ടിവന്നു. രാവിലെ നാലുമണിക്ക് എഴുന്നേൽക്കുന്ന പാപ്പ എല്ലാദിവസവും ആറുമണിക്ക് മുൻപായി പ്രാർഥനയും കുർബാനയും കഴിഞ്ഞ് പതിവുജോലിയിലേക്ക് പ്രവേശിച്ചിരുന്നു. ഇത് രാത്രി പത്തുമണി വരെയും നീളുന്നതായിരുന്നു.
കുർബാനയോടുള്ള ഭക്തി കുറയും എന്ന വാദഗതിയെ തള്ളിക്കളഞ്ഞുകൊണ്ട് അനുദിന വിശുദ്ധ കുർബാന സ്വീകരണത്തെ പാപ്പ വളരെയധികം പ്രോത്സാഹിപ്പിച്ചു. അതുപോലെ, വലിയ മരിയ ഭക്തനായിരുന്ന പിയൂസ് പത്താമൻ പാപ്പ പല സ്ഥലങ്ങളിലെയും മരിയൻ തീർഥാടനകേന്ദ്രങ്ങൾക്ക് അംഗീകാരവും നല്കി. വിശ്വാസികളുടെയും വൈദികരുടെയും ആത്മീയ ജീവിതനിലവാരം ഉയർത്തുന്നതിന് പാപ്പ പ്രത്യേകം ശ്രദ്ധിച്ചു. അതിനായി കുർബാന പുസ്തകത്തിലും പ്രാർഥനാപുസ്തകങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തി.
അനുദിന യാമപ്രാർഥനകൾ നിർബന്ധമായും നടത്തണമെന്ന് പിയൂസ് പത്താമൻ പാപ്പ വൈദികരോട് നിർദേശിച്ചു. അദ്ദേഹം സ്ഥിരമായി പറയുന്ന ഒരു വാചകമായിരുന്നു: “സ്വർഗം പ്രാപിക്കാനുള്ള ഏറ്റവും എളുപ്പവും അനായാസവുമായ മാർഗം വിശുദ്ധ കുർബാനയാണ്.” കുട്ടികൾക്ക് തിരിച്ചറിവുണ്ടാകുന്ന കാലംമുതൽ വിശുദ്ധ കുർബാന നൽകുന്ന പതിവും സ്ഥിരമായി കുമ്പസാരിച്ചു കുർബാന സ്വീകരിക്കുന്ന പതിവും പാപ്പ ആരംഭിച്ചു. ചരിത്രത്തിൽ പത്താം പീയൂസ് പാപ്പ അറിയപ്പെടുന്നത് ‘വിശുദ്ധ കുർബാനയുടെ പാപ്പ’ എന്നാണ്. എ.ഡി.1910-ൽ “ക്വാം സിങ്കുലാരി” എന്ന തിരുവെഴുത്തിലൂടെ 7 മുതൽ 12 വരെയുള്ള പ്രായത്തിൽ കുട്ടികൾക്ക് വിശുദ്ധ കുർബാന നൽകണമെന്ന് പാപ്പ നിർദേശിച്ചു. ഈ നിർദേശത്തെ വിമർശിച്ചവരോട് യേശുവിന്റെ വാക്കുകൾ ഉച്ചരിച്ചുകൊണ്ട് പാപ്പ മറുപടി പറഞ്ഞു: “കുഞ്ഞുങ്ങൾ എന്റെയടുക്കൽ വരട്ടെ; അവരെ തടയരുത്”.
ആധുനികതയുടെ ചില ദുഷിച്ച പ്രവണതകളോട് സന്ധിയില്ലാസമരം നടത്തിയ പിയൂസ് പത്താമൻ പാപ്പ അപേക്ഷികതയും നാസ്‌തികതയും മനുഷ്യനന്മയെ നശിപ്പിക്കുന്ന തിന്മകളാണെന്നു വാദിച്ചു. എ.ഡി. 1905-ൽ “അച്ചെർബൊ നീമിസ്” എന്ന രേഖയിലൂടെ സഭയിലെ എല്ലാ ഇടവകകളിലും മതപഠന ക്ലാസ്സുകൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് പാപ്പ നിഷ്‌ക്കർഷിച്ചു. സഭയുടെ കാനൻ നിയമങ്ങൾ കാലാനുസൃതമായി നവീകരിക്കുന്നതിന് പാപ്പ ഒരു കമ്മീഷനെ നിയോഗിച്ചു. ഭാവിയിലെ രണ്ടു പാപ്പമാർ (ബെനഡിക്റ്റ് പതിനഞ്ചാമൻ, പിയൂസ് പന്ത്രണ്ടാമൻ) ഈ കമ്മറ്റിയിലെ അംഗങ്ങളായിരുന്നു. പിന്നീട് ബെനഡിക്റ്റ് പതിഞ്ചാമൻ എ.ഡി. 1917-ൽ ഈ പുതിയ നിയമസംഹിത സഭയിൽ നടപ്പിൽവരുത്തി. പ്രാദേശിക സെമിനാരികൾ തുടങ്ങണമെന്ന് ബിഷപ്പുമാരോട് പാപ്പ ആവശ്യപ്പെട്ടു. അതുപോലെ പുരോഹിതന്മാർ സാമൂഹിക-രാഷ്ട്രീയ സംഘടനകളുടെ ചുമതലകൾ ഏറ്റെടുക്കുന്നത് വിലക്കുകയും ചെയ്തു.
തന്റെ ജീവിതകാലത്തു തന്നെ ധാരാളം അത്ഭുതങ്ങൾ പിയൂസ് പത്താമൻ പാപ്പ പ്രവർത്തിച്ചതായി പലരും സാക്ഷിച്ചിട്ടുണ്ട്. ഒരു പേപ്പൽ ഓഡിയൻസിന്റെ സമയത്ത് കാലുകൾ തളർന്ന ഒരു കുട്ടിയെ പാപ്പ എടുത്തപ്പോൾ അവൻ പാപ്പയുടെ കൈയ്യിൽ കിടന്ന് കുതറുകയും പിന്നീട് ആ മുറിയിൽക്കൂടി ഓടിനടക്കുകയും ചെയ്തു. ഒരിക്കൽ മാന്തുവായിൽ നിന്നും പാപ്പയ്ക്ക് പരിചയമുള്ള ദമ്പതികൾ അവരുടെ രണ്ടുവയസ്സുള്ള കുട്ടി മസ്തിഷ്കരോഗം പിടിപെട്ടിരിക്കുന്നു എന്ന് സങ്കടപ്പെട്ട് എഴുതുകയും പാപ്പ കുഞ്ഞിനുവേണ്ടി പ്രാർഥിക്കുന്നു എന്ന് മറുപടി എഴുതുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷം ആ കുട്ടി സൗഖ്യപ്പെട്ടു എന്ന് അവർ സാക്ഷിച്ചു. പലെർമോയിലെ ആർച്ചുബിഷപ്പ് കർദിനാൾ ഏണസ്റ്റോ റുഫിനി, തനിക്ക് ശ്വാസകോശരോഗം പിടിപെട്ടതിനുശേഷം പാപ്പയെ സന്ദർശിച്ചു. അദ്ദേഹത്തിന് ഒരു കുഴപ്പവും ഉണ്ടാവില്ല എന്നുപറഞ്ഞ് പാപ്പ പ്രാർഥിച്ച് തിരികെ അയച്ചു. ഏതാനും ദിവസങ്ങൾക്കകം അത്ഭുതകരമായ സൗഖ്യം ലഭിച്ചു. ഇതുകൂടാതെ, ഒരു കൈ തളർന്ന ഒരു മനുഷ്യനെയും നേത്രരോഗം ബാധിച്ച അയർലണ്ടുകാരിയായ ഒരു പെൺകുട്ടിയെയും പിയൂസ് പത്താമൻ പാപ്പ സൗഖ്യപ്പെടുത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ജോൻ ഓഫ് ആർക്ക് ഉൾപ്പെടെ 131 പേരെ പാപ്പ വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമായി പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഡി. 1913-ൽ പാപ്പയ്ക്ക് ഒരു ഹൃദയാഘാതം ഉണ്ടായെങ്കിലും ഒരു വർഷംകൂടി അദ്ദേഹം ആരോഗ്യവാനായി ജോലിചെയ്തു. പിന്നീട് അഞ്ചുദിവസം നീണ്ടുനിന്ന രോഗത്തിന്റെ അന്ത്യത്തിൽ 1914 ആഗസ്റ്റ് 20-ന് പിയൂസ് പത്താമൻ പാപ്പ കാലം ചെയ്തു. തന്റെ കൈയ്യിലുണ്ടായിരുന്ന കുരിശു മുത്തിയതാണ് അദ്ദേഹം ജീവിതത്തിൽ അവസാനമായി ചെയ്ത പ്രവൃത്തിയായി രേഖപ്പെടുത്തിയിരിക്കുന്നത്. പാപ്പമാരുടെ മൃതശരീരം അഴുകാതെ സൂക്ഷിക്കുന്നതിനായി ആന്തരീകാവയങ്ങളിൽ പലതും നീക്കംചെയ്യുന്ന രീതി തന്റെ കാര്യത്തിൽ ആവശ്യമില്ലെന്ന് അദ്ദേഹം എഴുതിവച്ചിരുന്നു. പിന്നീടുവന്ന എല്ലാ പാപ്പാമാരും ഈ മാതൃക പിന്തുടർന്നു.
എന്നാൽ 1944 മെയ് 19-ന് നാമകരണ നടപടികളുടെ ഭാഗമായി കല്ലറ തുറന്നപ്പോൾ അത്ഭുതകരമായി പിയൂസ് പത്താമൻ മാർപാപ്പയുടെ മൃതശരീരം അഴുകാതെ ഇരിക്കുന്നതായി കാണപ്പെട്ടു. 1951 ജൂൺ 3-ന് പിയൂസ് പന്ത്രണ്ടാമൻ പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും, 1954 മെയ് 29-ന് വിശുദ്ധനായും പ്രഖ്യാപിച്ചു. എട്ടുലക്ഷത്തിലധികം വിശ്വാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ചടങ്ങിൽ വന്നുസംബന്ധിച്ചത്. 1712-ൽ പിയൂസ് അഞ്ചാമനെ വിശുദ്ധനായി പ്രഖ്യാപിച്ചതിനുശേഷം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ പാപ്പയാണ് പിയൂസ് പത്താമൻ. ആഗസ്റ്റ് 21-ന് അദ്ദേഹത്തിന്റെ തിരുനാൾ സഭ കൊണ്ടാടുന്നു.
കടപ്പാട്: ഫാ. മാത്യു ചാർത്താക്കുഴിയിൽ