കൊച്ചി: തീരദേശ ഹൈവേ സംബന്ധിച്ച് ഇപ്പോൾ നടന്നുവരുന്ന സാമൂഹിക ആഘാത റിപ്പോർട്ട് ഹിയറിങ് നടത്തുന്നതിനു മുമ്പായി വിശദമായ പദ്ധതി രേഖ പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം കൊല്ലം ജില്ലയിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും ജനവാസ മേഖലകളിലൂടെയാണ് ഇപ്പോൾ സാമൂഹിക ആഘാത പഠനം നടത്തുന്നതിനായി പറയുന്ന അലൈൻമെന്റിൽ ഹൈവേ കടന്നുപോകുന്നത്. കൊല്ലം ജില്ലയിൽ നേരെ പോകാവുന്ന പാത ഒഴിവാക്കി ജനവാസ മേഖലയിലൂടെ വളഞ്ഞു തീരദേശപാത കൊണ്ടുപോകുന്നത് കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് എന്ന പ്രദേശവാസികളുടെ ആശങ്ക ശക്തമാണ്. സാമൂഹിക ആഘാത പഠനം പുറത്തുവന്ന് പദ്ധതി വേണോ വേണ്ടയോ എന്ന് ആധികാരികമായി തീരുമാനിക്കുന്നതിന് മുമ്പ് തന്നെ പുനരനിവാസ പാക്കേജ് പുറത്തിറക്കിയത് വിശദീകരിക്കപ്പെടണം. ഇപ്പോൾ പുറത്തിറക്കിയ പാക്കേജിൽ പറഞ്ഞിരിക്കുന്ന പുനരധിവാസം പൂർണ്ണമല്ല. വിശദമായ പദ്ധതി രേഖ പുറത്തിറക്കാതെ ആയിരങ്ങളെ കുടിയിറക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ശരിയല്ല. എറണാകുളത്ത് ചേർന്ന സംസ്ഥാനതല മാനേജിങ് കൗൺസിൽ അംഗങ്ങൾക്കായി സംഘടിപ്പിച്ച ചിന്താ ശിബിരത്തിലാണ് തീരുമാനം. തീരദേശ ഹൈവേ സംബന്ധിച്ച് ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കാനും അനാവശ്യമായി സമുദായ സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്താനും തീരുമാനമായി.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണം. റിപ്പോർട്ട് സംബന്ധിച്ച് തുടർ ചർച്ചകളും അനുകൂലമായ കാര്യങ്ങൾ നടപ്പാക്കാനുള്ള നടപടികളും സമയബന്ധിതമായി ഉണ്ടാകണം എന്നും യോഗം ആവശ്യപ്പെട്ടു.
കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് യോഗം ഉദ്ഘാടനം ചെയ്തു. കെഎൽസിഎ നേതൃതലത്തിൽ പ്രവർത്തിക്കുന്നവർക്കുള്ള ചിന്താശിബിരം രണ്ടാംഘട്ടമാണ് എറണാകുളം ആശീർ ഭവനിൽ സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷനായിരുന്നു. ഉണർവ്വും ഉയരവും ആഴവുമുള്ള ഒരു നേതൃത്വമാണ് ഇന്ന് സമൂഹത്തിനും സമുദായത്തിനും ആവശ്യമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ റവ.ഡോ. വിൻസെന്റ് വാര്യത്ത് പറഞ്ഞു. കെഎൽസിഎ സംസ്ഥാന മാനേജിംഗ് അംഗങ്ങൾക്കായുള്ള പദവി മുദ്രയും യോഗത്തിൽ വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി സ്വാഗതവും ട്രഷറർ രതീഷ് ആന്റണി നന്ദിയും പറഞ്ഞു. ചിന്താശിബിരത്തിന്റെ ഒന്നാം ഘട്ടം സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾക്കായി നേരത്തെ സംഘടിപ്പിച്ചിരുന്നു.