പുൽക്കൂടുകൾ യേശുവിന്റെ സാന്നിധ്യസ്മരണ നിലനിർത്തുന്നതിന് ഏറെ ഉപകാരപ്രദമാണെന്നു ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ പറഞ്ഞു.
വത്തിക്കാൻ: ഡിസംബർ മാസം പതിനെട്ടാം തീയതി ഫ്രാൻസിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാവേളയിൽ, വീടുകളിൽ പുൽക്കൂടുകൾ നിർമ്മിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്തു. കൂടിക്കാഴ്ചാവേളയിൽ സംബന്ധിച്ച ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വേളയിലാണ്, പുൽക്കൂടുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞത്. എല്ലാവരുടെയും ഭവനങ്ങളിൽ യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ഒരു രംഗം ഉണ്ടായിരിക്കുമല്ലോ എന്ന് പറഞ്ഞ പാപ്പാ, ക്രൈസ്തവീകതയുടെ ആത്മീയതയുടെയും സംസ്കാരത്തിന്റെയും ഒരു പ്രധാനഘടകമാണ് ഈ പുൽക്കൂടുകൾ എന്നും കൂട്ടിച്ചേർത്തു.
നമ്മുടെയിടയിൽ വസിക്കുവാൻ ഇറങ്ങിവന്ന യേശുവിനെ ജീവിതത്തിൽ സ്മരിക്കുന്നതിനുള്ള ഒരു വലിയ ഉത്തേജനമാർഗമാണ് ഈ പുൽക്കൂടുകൾ എന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു. യുവജനങ്ങൾ, രോഗികൾ, പ്രായമായവർ നവദമ്പതികൾ എന്നിവരെ പ്രത്യേകമായി അഭിസംബോധന ചെയ്ത പാപ്പാ, ഇവർക്കായി താൻ പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞു.