വാഷിങ്ടൺ : ദേവാലയത്തിൽ ക്രമമായി പോകുന്ന കത്തോലിക്കാ ദമ്പതികൾ കൂടുതൽ സന്തോഷവാന്മാരാണെന്ന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി സ്റ്റഡീസ്’ പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ദേവാലയ സന്ദർശനം കൂടുതൽ സംതൃപ്തമായ കുടുംബ ജീവിതത്തിലേക്ക് നയിക്കുന്നുവെന്നും ആത്മീയ കൂട്ടായ്മകൾ ഏകാന്തതയ്ക്കുള്ള മികച്ച പ്രതിവിധിയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഏകാന്തതയും ഒറ്റപ്പെടലും നിറഞ്ഞ ആധുനിക കാലഘട്ടത്തിൽ വിശ്വാസവും കുടുംബവുമാണ് യഥാർത്ഥ ആശ്രയമെന്ന് സമീപകാല ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. സപ്റ്റംബർ 25 ന് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് പ്രകാരം പതിവായി ദേവാലയത്തിൽ പോകുന്ന ദമ്പതികൾക്കിടയിലെ സന്തോഷം മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്.
വിശ്വാസത്തിനെതിരായ വിവിധ സാംസ്കാരിക വെല്ലുവിളികളും കുടുംബ ബന്ധങ്ങളിലെ പ്രതിസന്ധികളും നിലനിൽക്കുമ്പോഴും ആത്മീയ കാര്യങ്ങളിൽ സജീവമായവർ ഉയർന്ന സന്തോഷം അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ ദേവാലയത്തിൽ സജീവമായി പോകുന്ന യുവതീയുവാക്കൾ മറ്റുള്ളവരെ അപേക്ഷിച്ച് വിവാഹജീവിതത്തിലേക്ക് കടന്നുവരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, ഇക്കാലത്ത് വലിയ കുടുംബങ്ങൾക്ക് ഇടവക സമൂഹങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണ കൂടുതൽ വർധിപ്പിക്കേണ്ടതുണ്ടെന്നും പഠനം ഓർമിപ്പിക്കുന്നു. കുടുംബ ജീവിതത്തെ ശക്തിപ്പെടുത്തുന്നതിൽ സഭാത്മക കൂട്ടായ്മകൾക്കും ദേവാലയങ്ങൾക്കും മുഖ്യപങ്കുണ്ടെന്നതിന്റെ നേർക്കാഴ്ചയാണ് ഈ പുതിയ റിപ്പോർട്ട്.

