മിസോറി: ടെലിവിഷനും റേഡിയോയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 24-ന് മിസോറിയിലെ സെന്റ് ലൂയിസിലുള്ള ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ’ നടന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തില്‍ ആയിരങ്ങള്‍ സാക്ഷിയായി. വാഴ്ത്തപ്പെട്ട ഷീന്റെ തിരുനാൾ അദ്ദേഹത്തിന്റെ ചരമദിനമായ ഡിസംബർ 9-ന് ആഘോഷിക്കുമെന്ന് ലെയോ പതിനാലാമൻ ഇത് സംബന്ധിച്ച ഉത്തരവിലൂടെ പ്രഖ്യാപിച്ചു.
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള ദിവ്യബലിയിൽ മാർപാപ്പയുടെ പ്രതിനിധി കർദ്ദിനാൾ ലൂയിസ് ടാഗ്ലെ മുഖ്യകാര്‍മ്മികനായി. യേശുക്രിസ്തുവുമായുള്ള ആഴമേറിയതും വിനീതവുമായ ബന്ധവും ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള തീവ്രമായ ഐക്യദാർഢ്യവും ഷീനിന്റെ മിഷ്ണറി ജീവിതത്തെ അടയാളപ്പെടുത്തിയിരുന്നുവെന്നും, എല്ലാ കത്തോലിക്കരും മാതൃകയാക്കേണ്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും കർദ്ദിനാൾ അനുസ്മരിച്ചു.
മാധ്യമങ്ങളിലൂടെ ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ഷീന്‍ നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പൊതു കൂടിക്കാഴ്ച വേളയില്‍ ലിയോ പതിനാലാമന്‍ പാപ്പ പ്രകീര്‍ത്തിച്ചു. സുവിശേഷ പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആര്‍ച്ച് ബിഷപ്പ് ഷീന്‍ മാതൃകയാണെന്ന് പാപ്പ പറഞ്ഞു.

