റോം: രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകരാണെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. 21-ാം നൂറ്റാണ്ടിലെ ക്രൈസ്തവ രക്തസാക്ഷികളെക്കുറിച്ച് റോമില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ആധുനിക കാലഘട്ടത്തിലെ രക്തസാക്ഷികള്‍ ഇന്നത്തെ ലോകത്തില്‍ സുവിശേഷം പ്രസംഗിക്കുന്നതിനുള്ള സഭയുടെ ഏറ്റവും ശക്തമായ മാധ്യമങ്ങളില്‍ ഒന്നാണെന്ന് പാപ്പ പറഞ്ഞു. വിശ്വാസത്തിന്റെ സാക്ഷികളായ അവര്‍ ഏതെങ്കിലും പ്രത്യയശാസ്ത്രമല്ല മുന്നോട്ടുവയ്ക്കുന്നത്. മറിച്ച് അനുദിന ജീവിതത്തില്‍ വിശ്വാസത്തിന് അവര്‍ സാക്ഷ്യംവഹിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ സുവിശേഷത്തിനായി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളിലൂടെ ക്രൈസ്തവര്‍ക്ക് ഇന്ന് തങ്ങളുടെ വിശ്വാസത്തെ വിശദീകരിക്കാനും പ്രതിരോധിക്കാനും സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
റോമിലെ അഗസ്റ്റിനിയന്‍ പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 15,16 തിയതികളിലായി ‘ഇരുപത്തൊന്നാം നൂറ്റാണ്ട്: രക്തസാക്ഷികളുടെ ഒരു പുതിയ കാലഘട്ടമോ?” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സമ്മേളനം നടന്നത്. വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്ട്രിയും 2000-നു ശേഷം വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട എല്ലാ സഭാ വിഭാഗങ്ങളിലുമുള്ള ക്രിസ്ത്യാനികളുടെ വിവരങ്ങള്‍ ശേഖരിക്കാനായി 2023-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച ”കമ്മീഷന്‍ ഫോര്‍ സെന്റ് മാര്‍ട്ടിയേഴ്‌സ് – വിറ്റ്‌നസ്സസ് ഓഫ് ഫെയിത്ത്’ എന്ന എക്യുമെനിക്കല്‍ കമ്മീഷന്റെയും നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.

