നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ നിയന്ത്രിക്കാൻ ആഗോളതലത്തിൽ പൊതുവായ നിയമങ്ങൾ രൂപീകരിക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ആവശ്യപ്പെട്ടു. ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്ന് റോമിൽ നടന്ന “നിർമ്മിതബുദ്ധിയുടെ യുഗത്തിലെ വിശ്വാസവും യുക്തിയും” എന്ന സമ്മേളനത്തിൽ സംസാരിക്കവെ, മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ അനന്തരഫലങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും കൃത്യമായ പഠനം ആവശ്യമാണെന്നും, മാനവികതയുടെ ഭാവിയെക്കരുതി ഇത്തരം സാങ്കേതിക മുന്നേറ്റങ്ങളുടെ അതിവേഗത കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തറെല്ലയുടെ ആഹ്വാനത്തെ പിന്തുണച്ച കർദിനാൾ, സാങ്കേതികവിദ്യയെ ശരിയായ രീതിയിൽ നയിക്കാൻ അന്താരാഷ്ട്രതലത്തിൽ ഉത്തരവാദിത്തം വേണമെന്ന് വ്യക്തമാക്കി. എന്നാൽ വത്തിക്കാൻ, ഇനി വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ യോഗങ്ങളിൽ സാങ്കേതിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിന് പകരം ധാർമ്മിക തത്ത്വങ്ങൾ ഓർമ്മിപ്പിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ കാര്യങ്ങളിൽ നിർമിത ബുദ്ധിയുടെ സഹായം ഉപയോഗിക്കാറുണ്ടെങ്കിലും സുവിശേഷ പ്രസംഗങ്ങൾ തയ്യാറാക്കാൻ അത് ഉപയോഗിക്കാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സാങ്കേതികവിദ്യയ്ക്ക് അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ലെന്ന് ഓർമ്മിപ്പിച്ചു.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വത്തിക്കാന്റെ സമാധാന നയതന്ത്രത്തെക്കുറിച്ചും കർദിനാൾ പരാമർശിച്ചു. നിലവിലെ സാഹചര്യത്തിൽ നയതന്ത്ര ശ്രമങ്ങളുടെ ഫലങ്ങൾ പരിമിതമാണെങ്കിലും മാനുഷിക ഇടപെടലുകളുമായി മുന്നോട്ട് പോകാനാണ് വത്തിക്കാന്റെ തീരുമാനം. റഷ്യയെ ഒറ്റപ്പെടുത്താതെ ഇരുവിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള ചർച്ചകളിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്നും, പരസ്പര സംഭാഷണങ്ങളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

