വത്തിക്കാൻ സിറ്റി∙ ലോകത്തെ ഏറ്റവും മുഴക്കമുള്ള യുദ്ധവിരുദ്ധ ശബ്ദമായി മാറിക്കഴിഞ്ഞ ലിയോ പാപ്പ, പദവിയിൽ നാളെ ഒരു വർഷം പൂർത്തിയാക്കുന്നു. യുദ്ധങ്ങൾക്കും അനീതികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ലോകവേദിയിൽ നിർഭയനായി നിറഞ്ഞുനിൽക്കുന്ന സമാധാന സുവിശേഷകനാണ് പാപ്പയിപ്പോൾ.

ആഗോള കത്തോലിക്ക സഭയുടെ 267ാമത് പാപ്പയായി ലിയോ പതിനാലാമൻ പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികം മരിയൻ തീർത്ഥാടന കേന്ദ്രത്തില്‍ ചെലവഴിക്കും. തെരഞ്ഞെടുപ്പിന്റെ വാർഷിക ദിനമായ മെയ് എട്ടാം തീയതിയാണ് ഇറ്റലിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ പോംപെ സന്ദർശിക്കുക. പോംപെ മാതാവിന്റെ തിരുനാൾ ദിനം കൂടിയായ എട്ടാം തീയതി പാപ്പ ദേവാലയത്തില്‍ ദിവ്യബലിയർപ്പിക്കും. പാപ്പയുടെ വരവിനായി വിശ്വാസികൾ കാത്തിരിക്കുകയാണെന്നു, പോംപെ ആര്‍ച്ച് ബിഷപ്പും ദേവാലയത്തിന്റെ പേപ്പൽ പ്രതിനിധിയുമായ മോൺ. തൊമ്മാസോ കപ്പൂത്തോ പറഞ്ഞു.
