പുല്ലുവിള: ലീജിയൻ ഓഫ് മേരി തിരുവനന്തപുരം അതിരൂപത സൗത്ത് കമ്മീസിയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന പരുത്തിയൂർ, പുതിയതുറ, പുല്ലുവിള, വിഴിഞ്ഞം കൂരിയാകളുടെ കൂടിവരവും പഠനശിബിരവും പുല്ലുവിള ഇടവക ഹാളിൽ വച്ച് നടന്നു. അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോയുടെ അധ്യക്ഷതയിൽ മോൺ. നിക്കോളാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മരിയ സൈനികർ സമർപ്പണ മനോഭാവത്തോടെ സഭയോട് ചേർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പുല്ലുവിള ഫെറോനാ വികാരി റവ ഡോ. ഡൈസൺ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ആന്റണി എസ്. ബി, ഫാ. റീഗൻ എന്നിവർ ആശംസകൾ അർപ്പിച്ചു. നിയമാവലിയുടെ വിവിധ വിഷയങ്ങളെ കുറിച്ച് ബ്രദർ ക്രിസ്തുദാസ്, ബ്രദർ ജെയിംസ്, ബ്രദർ ടെനി റോക്കി, സിസ്റ്റർ പ്രമീള എന്നിവരുടെ ക്ലാസുകൾ നടന്നു. ബ്രദർ ആൻറണി സ്വാഗതവും ബ്രദർ ജെയിംസ് നന്ദിയും അർപ്പിച്ചു. സൗത്ത് കമ്മീസിയം ഭാരവാഹികളായ ബ്രദർ തോമസ് കുര്യൻ, സിസ്റ്റർ വിജി, ആനിമേറ്റർമാരായ സോണിയ, കമലം എന്നിവർ സന്നിഹിതരായിരുന്നു.

