തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാര്‍ശകള്‍ക്ക് പുറമെ 32 എണ്ണത്തില്‍ കൂടി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 1947 ന് മുന്‍പ് ലത്തീന്‍ കത്തോലിക്ക വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍ തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന അശാസ്ത്രീയമായ നിബന്ധനയില്‍ മാറ്റം വരുത്തി.
ഇനി മുതല്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിന് സഹായകരമായ ഒരു രേഖയായി പരിഗണിച്ച് വില്ലേജ് ഓഫീസര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വര്‍ഷം ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. ക്ഷേമ പെന്‍ഷന്‍ 1,600 രൂപയില്‍ നിന്ന് 2000 രൂപ ആക്കി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗ്രാന്റായി അനാഥാലയങ്ങള്‍ക്കും അന്തേവാസികള്‍ക്കും നല്‍കി വന്ന തുക ആനുപാതികമായി വര്‍ധിപ്പിച്ച് 1100 രൂപയില്‍ നിന്ന് 1375 രൂപയിലേക്ക് ഉയര്‍ത്തി.
ഒ.ഇ.സി ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ ജാതി അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌റ്റൈപ്പന്റും ലംപ്‌സം ഗ്രാന്റും സ്‌കോളര്‍ഷിപ്പ് അല്ല എന്നു വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാവിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നല്‍കാന്‍ പാടില്ല. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ബാങ്കിങ് സര്‍വീസ് കമ്മീഷന്‍ എന്നീ ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കും വിവിധ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്ന ട്രെയിനിങ് സെന്ററുകളുണ്ട്.
നിരവധി കുടിയേറ്റ കര്‍ഷകരുള്ള മലയോര പ്രദേശമായ കണ്ണൂരും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലും ധാരാളം മത്സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന എറണാകുളത്തും, തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും ഇത്തരം ട്രെയിനിങ് ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കും. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന് കണ്ണൂര്‍ ജില്ലയില്‍ ഓഫീസ് ആരംഭിക്കും. കമ്മ്യൂണിറ്റി ക്വോട്ടയിലെ സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിച്ചു നല്‍കും.

